Football

ഐഎസ്എല്‍: യുവതാരം ഗിവ്‌സണ്‍ സിംഗ് കേരള ബ്‌ളാസ്റ്റേഴ്‌സില്‍

ഇന്ത്യന്‍ ആരോസില്‍ നിന്നാണ് ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ രണ്ടു ഗോളുകളും 2 അസിസ്റ്റുകളും ടീമിനായി കാഴ്ചവെച്ചു. ഫുട്‌ബോള്‍ പ്രേമികള്‍ ധാരാളമുള്ള മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തില്‍ നിന്നാണ് ഗിവ്‌സണ്‍ സിംഗ് വരുന്നത്

ഐഎസ്എല്‍: യുവതാരം ഗിവ്‌സണ്‍ സിംഗ് കേരള ബ്‌ളാസ്റ്റേഴ്‌സില്‍
X

കൊച്ചി : വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മിഡ് ഫീല്‍ഡിന് കരുത്തുപകരാന്‍ ഒരു യുവ താരം കൂടി എത്തുന്നു. പതിനെട്ടുകാരനായ ഗിവ്‌സണ്‍ സിംഗ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ആരോസില്‍ നിന്നാണ് ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ രണ്ടു ഗോളുകളും 2 അസിസ്റ്റുകളും ടീമിനായി കാഴ്ചവെച്ചു. ഫുട്‌ബോള്‍ പ്രേമികള്‍ ധാരാളമുള്ള മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തില്‍ നിന്നാണ് ഗിവ്‌സണ്‍ സിംഗ് വരുന്നത്. പഞ്ചാബ് എഫ് സി ക്ക് വേണ്ടി കളിച്ചാണ് ഗിവ്‌സണ്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കുന്നത്.

2016 ല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്‌സണ്‍ ഇന്ത്യന്‍ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. അണ്ടര്‍ 16 ഇന്ത്യന്‍ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്‌സണ്‍ അംഗമായിരുന്ന ടീം 2018 ഇല്‍ മലേസ്യയില്‍ നടന്ന അണ്ടര്‍ 16 എ എഫ് സി ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടര്‍ 17 ടീമിലും ഗിവ്‌സണ്‍ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂണ്‍ നാലിന് റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍-19 ചാംപ്യന്‍ഷിപ്പിലും കളിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഗിവ്‌സണ്‍ സിംഗ് പറഞ്ഞു.തന്റെ കരിയര്‍ തുടങ്ങിയതേയുള്ളൂ. വലിയ ലക്ഷ്യങ്ങള്‍ തനിക്കും എന്റെ ടീമിനുവേണ്ടിയും നേടിയെടുക്കേണ്ടതുണ്ട്. തന്നെ ഈ മഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ഈ ക്ലബ്ബിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു. സ്വപ്‌നസാക്ഷാത്കാരത്തിനായി എന്തെല്ലാം നല്‍കണമോ അതെല്ലാം താന്‍ നല്‍കുമെന്നും ഗിവ്‌സണ്‍ സിംഗ് പറഞ്ഞു.ഇന്ത്യന്‍ ആരോസിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ഗിവ്‌സണ്‍ എന്ന് കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.എല്ലായ്‌പ്പോഴും തന്റെ പ്രായത്തിനപ്പുറം പക്വത അദ്ദേഹം കാണിച്ചിട്ടുണ്ട് . ടീമില്‍ ഒരു നല്ല അംഗമായിരിക്കും ഗിവ്‌സണ്‍.ഗിവ്‌സണ്‍ കഠിനാധ്വാനം തുടരുകയാണെങ്കില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമെന്നും ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it