Football

മുംബൈയ്ക്കു മുന്നില്‍ അടി പതറി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി വീഴ്ത്തിയത്. രണ്ടാം പകുതിയുടെ 82ാം മിനിറ്റില്‍ ടുണീഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് അമീന്‍ ചെര്‍മിതിയുടെ ബൂട്ടില്‍ നിന്നാണ് മുംബൈയുടെ വിജയ ഗോള്‍ പിറന്നത്

മുംബൈയ്ക്കു മുന്നില്‍ അടി പതറി കേരള ബ്ലാസ്റ്റേഴ്‌സ്
X

കൊച്ചി: എടികെക്കെതിരെ ഉദ്ഘാടന മല്‍സരത്തില്‍ നേടിയെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഹോം മല്‍സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിക്കു മുന്നില്‍ മുട്ടു മടക്കി. കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി വീഴ്ത്തിയത്. രണ്ടാം പകുതിയുടെ 82ാം മിനിറ്റില്‍ ടുണീഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് അമീന്‍ ചെര്‍മിതിയുടെ ബൂട്ടില്‍ നിന്നാണ് മുംബൈയുടെ വിജയ ഗോള്‍ പിറന്നത്. ഇരു ടീമുകള്‍ക്കും നിരവധി ഗോളവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇന്നത്തെ തോല്‍വിയോടെ രണ്ടു കളിയില്‍ നിന്ന് മൂന്ന് പോയിന്റുമായി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തായി. നവംബര്‍ രണ്ടിന് ഹൈദരാബാദ് എഫ്‌സിയുമായി എവേ ഗ്രൗണ്ടിലാണ് കേരള ടീമിന്റെ അടുത്ത മല്‍സരം.

എടികെക്കെതിരെ അണി നിരത്തിയ അതേ ടീമിനെ തന്നെയാണ് മുഖ്യ കോച്ച് എല്‍കോ ഷട്ടോരി മുംബൈ സിറ്റിക്കെതിരെയും ഇറക്കിയത്. പ്രതിരോധത്തില്‍ ജയ്‌റോ റോഡ്രിഗസ്, ജെസെല്‍ കാര്‍ണേയ്‌റോ, മുഹമ്മദ് റാകിപ്, ജിയാനി സുയിവെര്‍ലൂണ്‍ എന്നിവര്‍ നിരന്നു. മധ്യനിരയില്‍ സെര്‍ജിയോ സിഡോഞ്ച, മുഹമ്മദൗ നിങ്, ജീക്സണ്‍ സിങ് എന്നിവരും. വിങ്ങിലൂടെ മുന്നേറാന്‍ ഹാലീചരണ്‍ നര്‍സാരിയും പ്രശാന്തും. ആക്രമണത്തിന്റെ ചുമതല ഓഗ്‌ബെച്ചേ ഏറ്റെടുത്തു. വലയ്ക്കു മുന്നില്‍ ബിലാല്‍ ഖാന് തന്നെയായിരുന്നു. 4-3-3 ഫോര്‍മേഷനിലാണ് മുംബൈ ആദ്യ മല്‍സരത്തിന് ഇറങ്ങിയത്. തുടക്കം മുതല്‍ പന്തില്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു ഇരുടീമുകളുടെയും ശ്രമം. ബ്ലാസ്റ്റേഴ്സിന്റേതായിരുന്നു ആദ്യ ഗോള്‍ ശ്രമം. ഇടത് വിങിലൂടെ ബ്ലാസ്റ്റേഴ്സ് കളി സജീവമാക്കി. നാലാം മിനുറ്റില്‍ മുംബൈയുടെ ആദ്യ നീക്കം. അമീന്‍ ചെര്‍മിറ്റി പന്തുമായി ഗോള്‍ മുഖത്തേക്ക്. ബോക്സില്‍ സുയിവര്‍ലൂണിന്റെ പിടിയില്‍ അമീന്‍ വീണു. പന്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. ബ്ലാസ്റ്റേഴ്സില്‍ നിന്ന് കാര്യമായ നീക്കങ്ങളുണ്ടായി, പക്ഷേ പാസുകളില്‍ കൃത്യതയുണ്ടായില്ല. മുംബൈ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. രണ്ടാം പകുതിക്ക് മുമ്പേ മുംബൈ രണ്ടു മാറ്റങ്ങള്‍ വരുത്തി. 44ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ സുവര്‍ണാവസരം. ഇടത് പാര്‍ശ്വത്തിലെ സെറ്റ് പീസുകള്‍ക്കൊടുവില്‍ ലഭിച്ച ഫ്രീകിക്കില്‍ ബോക്സ് ലക്ഷ്യമാക്കി സിഡോയുടെ ക്രോസ്. വല ലക്ഷ്യമാക്കി ജെയ്റോ തലയുതിര്‍ത്തു. ഗോള്‍ മുഖത്ത് നിറഞ്ഞു നിന്ന അമരീന്ദര്‍ പ്രതിരോധം തീര്‍ത്തു. പന്ത്് പുറത്തേക്ക്, ബ്ലാസ്റ്റേഴ്സിന് കോര്‍ണര്‍. വല ലക്ഷ്യമാക്കിയുള്ള പ്രശാന്തിന്റെ കോര്‍ണര്‍ കിക്കില്‍ വീണ്ടും ജെയ്റോയുടെ ഹെഡര്‍ ശ്രമം. വല കാണാതെ പോയ പന്തില്‍ ഇടത് ഭാഗത്ത് നിന്ന് മുസ്തഫ നിങ്ങിന്റെ കൈ പ്രയോഗം മഞ്ഞക്കാര്‍ഡ് വാങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈയുടെ മുന്നേറ്റമായിരുന്നു. 52ാം മിനുറ്റില്‍ തുടര്‍ച്ചയായ രണ്ട് കോര്‍ണറുകള്‍. ലാര്‍ബിയുടെ രണ്ടു ശ്രമങ്ങളും മുംബൈയെ മുന്നിലെത്തിച്ചില്ല. തൊട്ടടുത്ത മിനുറ്റിലും ലാര്‍ബിയൊരുക്കിയ അവസരം വലയിലാക്കാനും മുംബൈക്കായില്ല. നര്‍സാരിയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് രാഹുലിനെ ഇറക്കി. ഗാലറിയില്‍ ആഘോഷം. സൂപ്പര്‍ ലീഗില്‍ മലയാളി താരത്തിന്റെ അരങ്ങേറ്റം. കോര്‍ണര്‍ കിക്കിന് വഴിയൊരുക്കി രാഹുല്‍ തുടങ്ങി. 63ാം മിനുറ്റില്‍ കേരളം ഗോളിനടുത്തെത്തി. ഗോള്‍മുഖത്ത് മുംബൈ ക്ലിയര്‍ ചെയ്ത സിഡോയുടെ കോര്‍ണര്‍ കിക്ക് ബോക്സിന് പുറത്ത് നിന്ന് കര്‍നെയ്റോയുടെ മുന്നില്‍. സിഡോയുടെ ലോങ്റേഞ്ച് പരീക്ഷണം വലക്ക്് തൊട്ടുമുകളിലൂടെ പറന്നു. പിന്നാലെ സഹലിനെയും മെസി ബൗളിയെയും എല്‍കോ ഷട്ടോരി കളത്തിലിറക്കി. മുംബൈയും അവസാന മാറ്റം വരുത്തി. കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബ്ലാസറ്റേഴ്‌സിന്റെ നെഞ്ചില്‍ വെള്ളിടിപോലെ മുംബൈ സിറ്റിയുടെ ഗോള്‍ പതിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. വലത് മൂലയില്‍ നിന്നുള്ള സൗവിക്കിന്റെ ലോ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ശ്രമം പാളി. വലയ്ക്ക് ഇടത് ഭാഗത്തായി നിന്ന അമീന്‍ ചെര്‍മിറ്റിയെ പ്രതിരോധിക്കാന്‍ ബ്ലാസറ്റേഴ്‌സ് താരങ്ങള്‍ക്കായില്ല.

മുന്നില്‍ വന്ന പന്തിനെ മനോഹരമായ ഷോട്ടിലൂടെ അമീന്‍ ചെര്‍മിറ്റി ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലാക്കി(1-0) തുടര്‍ന്ന് സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചെങ്കിലും ഫലമുണ്ടായില്ല. സഹലിന്റെ പാസില്‍ ഓഗ്ബെച്ചെയുടെ ക്ലോസ് റേഞ്ചര്‍ ഗോളില്‍ കലാശിച്ചെന്ന് കരുതിയെങ്കിലും അമരീന്ദര്‍ മുംബൈയുടെ രക്ഷകനായി. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്കും ഗോളാക്കി മാറ്റാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കായില്ല.അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ മഞ്ഞപ്പടയെ സ്വന്തം ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ച് മുംബൈ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി

Next Story

RELATED STORIES

Share it