Football

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

കളിയില്‍ മികച്ച നീക്കങ്ങളുമായി നിയന്ത്രണം നേടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാന്‍ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം തടഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള സമനിലയോടെ ബ്ലാസ്റ്റേഴ്സ്് 16 കളിയില്‍ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് 14 കളിയില്‍ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്
X

ഗുവാഹട്ടി: കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഗോള്‍രഹിതമായി അവസാനിച്ചു. കളിയില്‍ മികച്ച നീക്കങ്ങളുമായി നിയന്ത്രണം നേടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാന്‍ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം തടഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള സമനിലയോടെ ബ്ലാസ്റ്റേഴ്സ്് 16 കളിയില്‍ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് 14 കളിയില്‍ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും ബ്ലസ്‌റ്റേഴ്‌സിന്റെ മുന്നേറ്റ നിരയെ നയിച്ചത് ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയായിരുന്നു. തൊട്ടുപിന്നില്‍ സഹല്‍ അബ്ദുള്‍ സമദ്. മധ്യനിരയില്‍ മുഹമ്മദ് നിങ്, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി, സെര്‍ജിയോ സിഡോഞ്ച എന്നിവര്‍. വല്‍ട്കോ ഡ്രോബറോവ്, ജിയാന്നി സുയ്വെര്‍ലൂണ്‍, ലാല്‍റുവാത്താറ, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ പ്രതിരോധ കോട്ട കെട്ടിയപ്പോള്‍ ടി പി രെഹ്നേഷിന് പകരം ബിലാല്‍ ഖാന്‍ ഗോള്‍വലയ്ക്ക് മുന്നിലെത്തി.നോര്‍ത്ത് ഈസ്റ്റിനായി ആന്‍ഡ്രൂ കിയോഗ്, സിമോണ്‍ ലുന്‍ഡെവാള്‍, നിന്തോയ് എന്നിവര്‍ ഇറങ്ങി. ഫെഡറികോ ഗല്ലെഗൊ, ലാലെങ്മാവിയ, മിലാന്‍ സിങ് എന്നിവര്‍ മധ്യനിരയില്‍.പ്രതിരോധത്തില്‍ ഹീറിങ് കായ്, മിസ്ലാവ് കൊമോസ്‌കി, രാകേഷ് പ്രധാന്‍, പ്രൊവാത് ലക്ര എന്നിവരായിരുന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ സുഭാശിഷ് റോയിയും കാവല്‍ നിന്നു.


ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇടതുവശത്ത് ജെസെല്‍ കര്‍ണെയ്റോ കോര്‍ണര്‍ കിക്ക് നര്‍സാറിക്ക് കൈമാറി. നര്‍സാറിയില്‍നിന്ന് വീണ്ടും കര്‍ണെയ്റോയ്ക്ക്. ബോക്സിലേക്ക് ഷോട്ട് പായിച്ചു. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധക്കാരന്‍ ലക്ര അത് തട്ടിയകറ്റി. ബോക്സിന് അരികെ നില്‍ക്കുകയായിരുന്നു നര്‍സാറിക്കാണ് പന്ത് കിട്ടിയത്. നര്‍സാറിയുടെ കരുത്തുറ്റ അടി ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പറന്നു. 29ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം കിട്ടി. സുയ്വെര്‍ലൂണിന്റെ ലോങ് ത്രോ ബോക്സിലേക്ക്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം തട്ടിയകറ്റി. പന്ത് നര്‍സാരിയുടെ കാലിലാണ് കിട്ടിയത്.നര്‍സാരി സഹലിനു കൈമാറി. ബോക്സിന് തൊട്ടുമുന്നില്‍ സഹല്‍ ഇടംകാല്‍ കൊണ്ട് ഷോട്ട് ഉതിര്‍ത്തുവെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ തട്ടി തെറിച്ചു.നോര്‍ത്ത് ഈസ്റ്റ് ഗല്ലെഗൊയിലൂടെ പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. ആദ്യപകുതി പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്റെ തകര്‍പ്പന്‍ സേവ് ബ്ലാസ്റ്റേഴ്സിനെ കാത്തു. നിഖില്‍ കദത്തിന്റെ ക്ലോസ് റേഞ്ചില്‍വച്ചുള്ള ഷോട്ട് ബിലാല്‍ തടഞ്ഞു. 53ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷിനെ പരീക്ഷിച്ചു. മുഹമ്മദ് നിങ്ങിന്റെ ഗംഭീര ഷോട്ട് സുഭാശിഷ് തകര്‍പ്പന്‍ ചാട്ടത്തിലൂടെ തട്ടിയകറ്റുകയായിരുന്നു. ഒരിക്കല്‍ക്കൂടി സുഭാശിഷ് ബ്ലാസ്റ്റേഴ്സിന്റെ ഉറച്ച ഗോള്‍ശ്രമത്തെ തടഞ്ഞു. 61ാം മിനിറ്റില്‍ ഇടതുവശത്ത്നിന്ന് നര്‍സാരി തൊടുത്ത ഉഗ്രന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി തട്ടിയകറ്റി. പന്ത് ബോക്സിന് പുറത്തുവച്ച് സിഡോഞ്ച പിടിച്ചെടുത്ത് വീണ്ടും ഷോട്ട് ഉതിര്‍ത്തുവെങ്കിലും ക്രോസ്് ബാറിന് മുകളിലൂടെയാണ് പന്ത് പറന്നത്. 73ാം മിനിറ്റില്‍ ബ്ലാസ്‌റം്‌റേഴ്‌സിന് ലഭിച്ച സുവര്‍ണാവസരം പാഴായി. സുയ്വെര്‍ലൂണ്‍ നല്‍കിയ പന്തുമായി മുന്നേറിയ ഒഗ്ബെച്ചെയ്ക്ക് വലയിലേക്ക് പന്തെത്തിക്കാനായില്ല. നേരെ ഗോള്‍ കീപ്പര്‍ സുഭാശിഷിന്റെ കാലുകളില്‍ തട്ടി പന്ത് പുറത്തേക്ക് തെറിച്ചു. മറുവശത്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. അവസാന നിമിഷങ്ങളില്‍ ഗോളിനായി ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 16 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ആറാം സമനിലയാണിത്. ഇനി രണ്ടു മല്‍സരങ്ങളാണ് ടീമിന് അവശേഷിക്കുന്നത്.15ന് ബംഗളൂരു എഫ്സിയുമായാണ് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.

Next Story

RELATED STORIES

Share it