Football

ഐഎസ്എല്‍: എഫ്സി ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഗോവയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ നേടിയ ഗോളിലാണ് വമ്പന്‍മാരായ എഫ്‌സി ഗോവയെ 1-1ന് സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. തകര്‍ത്തുകളിച്ച ബ്ലാസ്റ്റേഴ്സിനെ നിര്‍ഭാഗ്യമാണ് ജയത്തില്‍നിന്ന് തടഞ്ഞത്

ഐഎസ്എല്‍: എഫ്സി ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്
X

ജിഎംസി സ്റ്റേഡിയം ബാംബോലിം (ഗോവ): എഫ്‌സി ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്.ഐഎസ്എല്‍ ഏഴാം സീസണിലെ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും തോല്‍വി അറിയാതെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ഗോവയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ നേടിയ ഗോളിലാണ് വമ്പന്‍മാരായ എഫ്‌സി ഗോവയെ 1-1ന് സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. തകര്‍ത്തുകളിച്ച ബ്ലാസ്റ്റേഴ്സിനെ നിര്‍ഭാഗ്യമാണ് ജയത്തില്‍നിന്ന് തടഞ്ഞത്. ഗോവയ്ക്കായി ഹോര്‍ജെ മെന്‍ഡോസ ഗോളടിച്ചു. ഗോവ പ്രതിരോധതാരം ഇവാന്‍ ഗൊണ്‍സാലസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് കുതിച്ചു. തുടര്‍ച്ചയായ രണ്ടാം ഗോളും സീസണില്‍ മൂന്നാം ഗോളും സ്വന്തമാക്കിയ കെ പി രാഹുല്‍, സീസണില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായ കുറഞ്ഞ താരമായി. സന്ദീപ് സിങാണ് കളിയിലെ താരം.

രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഗോവയ്‌ക്കെതിരെ ബാസ്റ്റഴ്സ് കളത്തിലിറങ്ങിയത്. ഗാരി ഹൂപ്പറും ഫക്കുണ്ടോ പെരേരയുമായിരുന്നു മുന്നേറ്റനിരയില്‍. മധ്യനിരയില്‍ കെ പി രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ്, യുവാന്‍ഡെ, വിസെന്റ് ഗോമെസ് എന്നിവര്‍ അണിനിരന്നു. പ്രതിരോധത്തില്‍ ബകാറി കോനെ, ധനെചന്ദ്ര, ജീക്സണ്‍ സിങ്, സന്ദീപ് സിങ് എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ വിശ്വസ്തനായ ആല്‍ബിനോ ഗോമെസ്. ഗോവന്‍ മുന്നേറ്റത്തില്‍ ഹോര്‍ജെ മെന്‍ഡോസ. മധ്യനിരയില്‍ ദേവേന്ദ്ര മുര്‍ഗവോക്കര്‍, ആല്‍ബെര്‍ട്ടോ നൊഗുവേര, അലെക്സാണ്ടര്‍ ജെസുരാജ്, പ്രിന്‍സ്ടണ്‍ റെബെല്ലൊ, എഡു ബെദിയ എന്നിവര്‍ അണിനിരന്നു. സേവ്യര്‍ ഗാമ, ജയിംസ് ഡൊണാഷി, സെറിട്ടണ്‍ ഫെര്‍ണാണ്ടസ്, ഇവാന്‍ ഗൊണ്‍സാലസ് എന്നിവര്‍ പ്രതിരോധത്തില്‍. ഗോള്‍വലയ്ക്ക് മുന്നില്‍ നവീന്‍ കുമാര്‍.


തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു. ഹൂപ്പറുടെ നീക്കം ഗോവന്‍ ബോക്സിനെ വിറപ്പിച്ചെങ്കിലും അവര്‍ അപകടമൊഴിവാക്കി. ആറാം മിനിറ്റില്‍ ഹോര്‍ജെ മെന്‍ഡോസയുടെ നീക്കം ബ്ലാസ്റ്റേഴ്സിനെ ചെറുതായി പരീക്ഷിച്ചു. മെന്‍ഡോസ നല്‍കിയ പന്ത് ആല്‍ബെര്‍ട്ടോ നൊഗുവേര ബോക്സില്‍വച്ച് ലക്ഷ്യത്തിലേക്ക് തൊടുത്തു. ക്രോസ് ബാറില്‍തട്ടി തെറിക്കുകയായിരുന്നു. പതിനൊന്നാം മിനിറ്റില്‍ മെന്‍ഡോസയുടെ നീക്കത്തെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു. പതിനാലാം മിനിറ്റില്‍ സന്ദീപ് സിങ് വലതുപാര്‍ശ്വത്തിലൂടെ നടത്തിയ പ്രത്യാക്രമണം ലക്ഷ്യത്തിലെത്തിയില്ല. 25ാം മിനിറ്റില്‍ ജയിംസ് ഡൊണാഷി പരിക്കേറ്റ് മടങ്ങി. പകരം മുഹമ്മദ് അലിയാണ് ഗോവന്‍ നിരയില്‍ എത്തിയത്. അടുത്ത നിമിഷംതന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. മെന്‍ഡോസയുടെ ഫ്രീകിക്ക് നേരെ ബ്ലാസ്റ്റേഴ്സ് വലയിലേക്ക്(1-0) സഹലിന്റ ദേഹത്ത് തട്ടി പന്ത് വലയില്‍ വീഴുകയായിരുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസിനും ആ നീക്കത്തെ തടയാനായില്ല.

ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം നല്‍കി. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്കിടെ ഗോവ ഫ്രീകിക്ക് വഴങ്ങി. ഫക്കുണ്ടോ പെരേരയുടെ ഫ്രീകിക്ക് കൃത്യമായിരുന്നു. എന്നാല്‍ ബോക്സില്‍വച്ച് ഇവാന്‍ ഗോണ്‍സാലെസ് പന്ത് അടിച്ചകറ്റി ഗോവയെ രക്ഷിച്ചു. 37ാം മിനിറ്റില്‍ രാഹുലിന് മഞ്ഞക്കാര്‍ഡ് കിട്ടി. കളിയുടെ നാല്‍പ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പന്ത് വലയിലെത്തിച്ചു. എന്നാല്‍ റഫറി അനുവദിച്ചില്ല. ബകാറി കോനെയുടെ ഹെഡര്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിനെ മറികടന്ന് വലയിലെത്തിയതാണ്. എന്നാല്‍ പന്ത് നിയന്ത്രിക്കുന്നതിനിടെ കൈയില്‍ തട്ടിയതിന് കോനെയുടെ ഗോള്‍ റഫറി അനുവദിച്ചില്ല.


രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു.പെരേരയുടെ കോര്‍ണറില്‍ കോനെ കൃത്യമായി തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 57ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷം പിറന്നു. അതുവരെ നടത്തിയ ആക്രമണങ്ങള്‍ക്കെല്ലാം പ്രതിഫലം കിട്ടി. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു തുടക്കം. വലതുഭാഗത്ത്നിന്ന് പെരേര പന്ത് ഉയര്‍ത്തിവിട്ടു. ബോക്സിന്റെ ഇടതുമൂലയിലേക്ക് പറന്നെത്തിയ രാഹുല്‍ അതില്‍ തലവച്ചു. കുത്തി ഉയര്‍ന്ന പന്ത് നവീന്‍ കുമാറിനെ മറികടന്ന് വലയില്‍ കയറി(1-1) അവസാന മല്‍സരത്തില്‍ ബംഗളൂരുവിനെതിരെ വിജയഗോള്‍ തൊടുത്ത രാഹുല്‍ ഇക്കുറിയും നിര്‍ണായക സാനിധ്യമായി. ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് നീക്കങ്ങള്‍ക്ക് ഊര്‍ജം കിട്ടി. ഇതിനിടെ ഗോവ പത്ത് പേരായി ചുരുങ്ങി. പ്രതിരോധക്കാരന്‍ ഇവാന്‍ ഗൊണ്‍സാലെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഹൂപ്പറെ ഫൗള്‍ ചെയ്തതിന് ആദ്യം മഞ്ഞക്കാര്‍ഡ് കിട്ടിയ ഗൊണ്‍സാലെസ് റഫറിയോട് തര്‍ക്കിച്ച് രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തായി.

71ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോളിന് അരികെയെത്തി. സഹല്‍ ഇടതുഭാഗത്തിലൂടെ മുന്നേറി ബോക്സില്‍ ഹൂപ്പറിലേക്ക് പന്തെന്തിച്ചെങ്കിലും ഹൂപ്പര്‍ പന്ത് ഷൂട്ട് ചെയ്യുന്നതിന് പകരം വലതുമൂലയില്‍ കയറി വന്ന സന്ദീപിനെ കണ്ടു കൈമാറിയെങ്കിലും സന്ദീപിന് പക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. 78ാം മിനിറ്റില്‍ സന്ദീപിന്റെ തകര്‍പ്പന്‍ പ്രതിരോധനീക്കം ബ്ലാസ്റ്റേഴ്സിനെ കാത്തു. ബെദിയയുടെ ലോങ് പാസ് പിടിച്ചെടുത്ത് മെന്‍ഡോസ ബോക്സിലേക്ക് കയറി. അപകടകരമായി മെന്‍ഡോസ മുന്നേറുന്നതിനിടെ കുതിച്ചെത്തിയ സന്ദീപ് പന്ത് അടിച്ചകറ്റി. 80ാം മിനിറ്റില്‍ സഹലിന് പകരം പുയ്ട്ടിയ കളത്തിലെത്തി. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഗോവന്‍ ഗോള്‍മുഖത്ത് കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഹൂപ്പറും രാഹുലും ചേര്‍ന്ന് മുന്നേറിയെങ്കിലും വിജയഗോള്‍ പിറന്നില്ല. 27ന് ജംഷെഡ്പൂര്‍ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.

Next Story

RELATED STORIES

Share it