Football

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങുന്നു

മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു പി സ്‌കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ നിഷാദ് മെയ് 31ന് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണ്.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങുന്നു
X

സ്വന്തം പ്രതിനിധി

മലപ്പുറം: മലപ്പുറം ജില്ലയുടെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തും കുതിപ്പുമേകിയ കായികാധ്യാപകന്‍ കെ എം അഹമ്മദ് നിഷാദ് ജോലിയില്‍ നിന്നും പടിയിറങ്ങുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു പി സ്‌കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ നിഷാദ് മെയ് 31ന് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണ്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത എംഇഎസ് മമ്പാട് കോളെജിലും ഫാറൂഖ് കോളിലും ഫുട്‌ബോള്‍ ടീം അംഗമായിരുന്ന നിഷാദ് ഫ്രണ്ട്‌സ് മമ്പാട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജവഹര്‍ മാവൂര്‍, റെയിന്‍ബോ മൊറയൂര്‍ എന്നീ പ്രമുഖ സെവന്‍സ് ടീമുകളിലെ പ്രധാന താരമായിരുന്നു.

കായികാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതോടെ ഫുട്‌ബോള്‍ പരിശീലകനായി മാറിയ നിഷാദിന് കീഴില്‍ കളി പഠിച്ചവര്‍ സന്തോഷ് ട്രോഫിയിലുള്‍പ്പെടെ കളിച്ച് പ്രമുഖ താരങ്ങളായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ താരം ആഷിഖ്് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, അര്‍ജ്ജുന്‍ ജയരാജ്, അഭിജിത്, അഫ്ദല്‍ തുടങ്ങി നിഷാദ് മാഷിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് ഒട്ടേറെ യുവ താരങ്ങളുണ്ട്.

2002 മുതല്‍ 2014 വരെ അഹമ്മദ് നിഷാദ് മലപ്പുറം ജില്ല ടീമിന്റെ പരിശീലകനായിരുന്നു. ഈ കാലയളവില്‍ 10 സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ അഞ്ചു തവണയാണ് മലപ്പുറം ജില്ല ജേതാക്കളായത്. മൂന്ന് തവണ റണ്ണേഴ്‌സും ഒരു തവണ മൂന്നാം സ്ഥാനവും നേടി.

25 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന സബ്ജൂനിയര്‍ കിരീടം മലപ്പുറത്തേക്കെത്തിച്ചത് നിഷാദിന്റെ ശിക്ഷണത്തിലാണ്. കളി പരിശീലനത്തിലെ ഈ മികവുകള്‍ കണക്കിലെടുത്ത് നിഷാദിന് എഎഫ്‌സി സി ലൈസന്‍സ് കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചു. ഫുട്‌ബോള്‍ പരിശീലനത്തിനുള്ള സി ലൈസന്‍സ് ലഭിച്ച് മലപ്പുറം ജില്ലയിലെ രണ്ട് പരിശീലകരില്‍ ഒരാള്‍ അഹമ്മദ് നിഷാദ് ആണ്. അണ്ടര്‍ 16 സംസ്ഥാന ടീമിന്റെ പരിശീലകനായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

ഒട്ടേറെ ഫുട്‌ബോള്‍ കിരീടങ്ങള്‍ നിഷാദിന്റെ കുട്ടികള്‍ മലപ്പുറത്തിനു വേണ്ടി നേടിയിട്ടുണ്ട്. ബജാജ് അലിയന്‍സ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടിയതിന്റെ അംഗീകാരമായി രണ്ടാമതും കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി നിയമനം ലഭിച്ചു. ഒരു മാസത്തെ പരിശീലനത്തിന് ശേഷം ടീം നോമ്പുകാലത്ത് പൂനെ പോലീസ് സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ജേതാക്കളായിരുന്നു. അന്ന് കേരളാ ടീമിലെ മൂന്ന് കളിക്കാര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാന തുകയായി ലഭിച്ചത്. നിഷാദ് പരിശീലിപ്പിച്ച ജിബിന്‍ ദേവസിക്ക് ജര്‍മനിയിലെ ബയേണ്‍ മൂണിക് ക്ലബ്ബിലേക്ക് ഉന്നത പരിശീലനത്തിനുള്ള അവസരം ലഭിച്ചിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യുപി സ്‌കൂളില്‍ 20 വര്‍ഷമായി ഫസ്ഫരി ഫുട്‌ബോള്‍ അക്കാദമിയും നിഷാദ് നടത്തുന്നുണ്ട്. മൊറയൂരിലെ മൊയ്തീന്‍ ബിന്‍ അഹമ്മദിന്റെയും സൈനബയുടെയും മകനാണ് നിഷാദ്.

Next Story

RELATED STORIES

Share it