Football

ഖത്തര്‍ ലോകകപ്പ്: 48 ടീമുകള്‍ക്ക് മല്‍സരിക്കാം; അന്തിമ തീരുമാനം ജൂണിലെന്ന് ഫിഫ

ടീമുകളുടെ എണ്ണം 48 ആക്കുന്നതായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട. യോഗത്തില്‍ ഫിഫയുടെ പഠന റിപ്പോര്‍ട്ടും ഖത്തര്‍ നടത്തിയ പഠന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഖത്തര്‍ ലോകകപ്പ്: 48 ടീമുകള്‍ക്ക് മല്‍സരിക്കാം; അന്തിമ തീരുമാനം ജൂണിലെന്ന് ഫിഫ
X

സൂറിച്ച്: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പില്‍ 48 ടീമുകള്‍ക്ക് പങ്കെടുക്കാമെന്ന് ഫിഫയുടെ പഠനം. നിലവില്‍ 32 ടീമുകളാണ് പങ്കെടുക്കുന്നത്. അയല്‍ രാജ്യങ്ങള്‍ വേദി അനുവദിച്ചാല്‍ 48 ടീമുകളെ പങ്കെടുപ്പിക്കാമെന്നും ഇതില്‍ അന്തിമതീരുമാനം ജൂണില്‍ നടക്കുന്ന യോഗത്തില്‍ കൈക്കൊള്ളുമെന്നും മിയാമിയില്‍ ചേര്‍ന്ന ഫിഫ ഉന്നതാധികാര സമിതി വ്യക്തമാക്കി. ടീമുകളുടെ എണ്ണം 48 ആക്കുന്നതായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട. യോഗത്തില്‍ ഫിഫയുടെ പഠന റിപ്പോര്‍ട്ടും ഖത്തര്‍ നടത്തിയ പഠന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കണമെന്നാണ് ഫിഫാ പ്രസിഡന്റ് ഇന്‍ഫാന്റിനോയുടെ താല്‍പ്പര്യം. ഫിഫാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇന്‍ഫാന്റിനോയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനവും ഇതായിരുന്നു. ഖത്തറിന്റെ കൂടെ ബഹ്‌റിന്‍, സൗദി, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ കൂടി വേദി അനുവദിച്ചാല്‍ 48 ടീമുകളെ പങ്കെടുപ്പിക്കാമെന്നാണ് ഫിഫയുടെ പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഖത്തറും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുക എന്നതാണ് ഫിഫയുടെ മുന്നിലെ പ്രധാന വെല്ലുവിളി. കൂടാതെ മറ്റ് രാജ്യങ്ങളില്‍ വേദി അനുവദിക്കുന്ന കാര്യങ്ങളില്‍ ഖത്തറിന്റെ കൂടെ അനുവാദം ആവശ്യമാണ്.നിലവില്‍ 64 മല്‍സരങ്ങളാണുള്ളത്. 48 ടീമുകള്‍ വരുമ്പോള്‍ 80 മല്‍സരങ്ങള്‍ ഉണ്ടാവും. ഗ്രൂപ്പ് ഘട്ടങ്ങളിലെ മല്‍സരങ്ങളാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുക. നോക്കൗട്ട് മുതലുള്ള മല്‍സരങ്ങള്‍ ഖത്തറില്‍ വച്ചാണ് നടക്കുക.

Next Story

RELATED STORIES

Share it