Football

ഐഎസ്എല്‍: ബംഗളൂരുവിനോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

സുനില്‍ ഛേത്രിയാണ് (55) ബംഗളൂരുവിനായി ഗോള്‍ അടിച്ചത്. ഹെഡറിലൂടെയായിരുന്നു ഗോള്‍.

ഐഎസ്എല്‍: ബംഗളൂരുവിനോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്
X

ബംഗളൂരു: ഐഎസ്എലില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സിയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ഒരു ഗോളിനാണ് തോല്‍വി. സുനില്‍ ഛേത്രിയാണ് (55) ബംഗളൂരുവിനായി ഗോള്‍ അടിച്ചത്. ഹെഡറിലൂടെയായിരുന്നു ഗോള്‍. പൊരുതിക്കളിച്ചെങ്കിലും ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെയും അവരുടെ ഡിഫന്‍സിന്റെയും മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് വീഴുകയായിരുന്നു. ബംഗളൂരുവിന് അഞ്ച് കളിയില്‍ ഒമ്പതു പോയിന്റായി. ബ്ലാസ്‌റ്റേഴ്‌സിന് നാലും.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വല കാക്കാന്‍ ടി പി രെഹ്നേഷിനെയാണ് കോച്ച് എല്‍കോ ഷട്ടോരി നിയോഗിച്ചത്. മുഹമ്മദ് റാക്കിപ്, രാജു ഗെയ്ക്ക്‌വാദ്, ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുള്‍ ഹക്കു എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, സെര്‍ജിയോ സിഡോഞ്ച, കെ പി രാഹുല്‍, കെ പ്രശാന്ത്. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ബെര്‍തലോമിയോ ഒഗ്‌ബെച്ചയ്‌ക്കൊപ്പം മെസി ബൗളിയും. സഹല്‍ അബ്ദുള്‍ സമദിന് പകരമാണ് ജീക്‌സണ്‍ എത്തിയത്.

ബംഗളൂരുവിന്റെ ഗോള്‍ വല ഗുര്‍പ്രീത് സിങ് സന്ധു കാത്തു. ആല്‍ബെര്‍ട്ട് സെറാന്‍, ജുവാനന്‍, ഹര്‍മന്‍ജോത് കബ്ര, നിഷു കുമാര്‍ എന്നിവര്‍ പ്രതിരോധത്തില്‍. എറിക് പാര്‍ത്താലു, റാഫേല്‍ അഗുസ്‌റ്റോ, ഡിമാസ് ഡെല്‍ഗോഡോ, ഉദാന്ത സിങ് എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആഷിക്ക് കുരുണിയനും.

ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ കളിയുടെ ആദ്യ മിനിറ്റില്‍തന്നെ ബംഗളൂരു കോര്‍ണര്‍ കിക്ക് വഴങ്ങി. കര്‍ണെയ്‌റോ കോര്‍ണര്‍ കിക്ക് തൊടുത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായില്ല. മറുവശത്ത് പാര്‍ത്താലുവിന്റെ വലതുപാര്‍ശ്വത്തില്‍നിന്നുള്ള മുന്നേറ്റത്തെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. അടുത്ത മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്ല അവസരം കിട്ടി. സെര്‍ജിയോ സിഡോഞ്ചയുടെ ക്രോസ് പെനല്‍റ്റി ഏരിയയിലേക്ക്. കെ പി രാഹുല്‍ ഹെഡര്‍ തൊടുത്തെങ്കിലും പന്ത് ബംഗളൂരു ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി പുറത്തുപോയി. സിഡോഞ്ച ജീക്‌സണ് കൊടുത്ത ക്രോസിനും ഫലമുണ്ടായില്ല. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് മികട് അവസരംകിട്ടി. മെസി ബൗളി ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നായകന്‍ ഒഗ്‌ബെച്ചെയ്ക്ക് കാല്‍വയ്ക്കാനായില്ല. 17ാം മിനിറ്റില്‍ ഫ്രീകിക്ക്. സിഡോഞ്ച എടുത്ത ഫ്രീകിക്ക് സന്ധു കുത്തിയകറ്റി. ഇതിനിടെ രാജു ഗെയ്ക്ക്വാദ് ബംഗളൂരു താരം ആല്‍ബെര്‍ട്ട് സെറാനെ ഫൗള്‍ ചെയ്തു. 34ാം മിനിറ്റില്‍ ആഷിക്കിനെ വീഴ്ത്തിയതിന് റാക്കിപിന് റഫറി മഞ്ഞക്കാര്‍ഡ് വീശി. ഇതിനിടെ ഉദാന്തയുടെ ക്രോസില്‍ അഗുസ്‌റ്റോ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഉദാന്തയുടെ ക്രോസ് പുറത്തുനിന്നാണെന്ന് തെളിഞ്ഞു. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് ബംഗളൂരു ആക്രമണം നടത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പിടിച്ചുനിന്നു. 42ാം മിനിറ്റില്‍ മെസി ബൗളിക്ക് കിട്ടിയ സുവര്‍ണാവസരം പാഴായി. ഗോളി മാത്രം മുന്നില്‍നില്‍ക്കെ മെസിയുടെ അടി ബാറിന് മുകളിലൂടെ പറന്നു.

രണ്ടാംപകുതിയില്‍ ബംഗളൂരു മുന്നിലെത്തി.ഛേത്രിയുടെ ഹെഡര്‍ രെഹ്നേഷിനെ മറികടന്നു. ഡിമാസ് ഡെല്‍ഗാഡോയാണ് ക്രോസ് പായിച്ചത്. 58ാം മിനിറ്റില്‍ ഡിമാസിന്റെ ഗോള്‍ശ്രമം രാജു ഗെയ്ക്ക്വാദ് തടഞ്ഞു. 63ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമാറ്റം വരുത്തി. കെ പ്രശാന്തിന് പകരം സഹല്‍ അബ്ദുള്‍ സമദ് കളത്തില്‍ എത്തി. ഇതിനിടെ മെസി ബൗളി നല്‍കിയ പാസ് രാഹുല്‍ പുറത്തേക്കടിച്ചുകളഞ്ഞു. 77ാം മിനിറ്റില്‍ ഹക്കുവിന് പകരം മുഹമ്മദ് റാഫിയും റാക്കിപിന് പകരം പുതിയ താരം വഌറ്റ്‌കോ ഡ്രോബറോവും ഇറങ്ങി. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും ബംഗളൂരു പ്രതിരോധം വിട്ടില്ല. അവസാന മിനിറ്റില്‍ സഹലും രാഹുലും ചേര്‍ന്നൊരുക്കിയ നീക്കത്തില്‍ വല കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍ എഫ്‌സി ഗോവയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം

Next Story

RELATED STORIES

Share it