Feature

ഇറ്റലിക്ക് ലോകകപ്പ് ടിക്കറ്റ് നല്‍കാന്‍ മരിയോ ബല്ലോട്ടെല്ലി എത്തുന്നു

ഇടവേളകളിലായി ഏഴ് വര്‍ഷങ്ങളാണ് ഈ താരത്തിന് നഷ്ടമായത്.

ഇറ്റലിക്ക് ലോകകപ്പ് ടിക്കറ്റ് നല്‍കാന്‍ മരിയോ ബല്ലോട്ടെല്ലി എത്തുന്നു
X


ലോക ഫുട്‌ബോളിലെ മികച്ച ഫ്രീകിക്ക് ടേക്കറും ഇറ്റലിയുടെ മികച്ച സ്‌ട്രൈക്കറുമായിരുന്ന മരിയോ ബല്ലോട്ടെല്ലി ഏറെ കാലത്തിന് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്കാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബല്ലോട്ടെല്ലിയെത്തുന്നത്. കഴിഞ്ഞ ലോകകപ്പ് യോഗ്യത നഷ്ടമായ ഇറ്റലിക്ക് ഇക്കുറി ഏതുവിധേനെയും യോഗ്യത നേടിയെ മതിയാവൂ. ഇതിനായുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിക്കാനാണ് പരിചയസമ്പന്നനായ ആക്രമണകാരിയായ ബല്ലോട്ടെല്ലിയെ കോച്ച് റോബര്‍ട്ടോ മാന്‍സിനി ടീമിലേക്ക് പരിഗണിച്ചത്.


ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്ഥാനം ലഭിക്കാത്ത ഇറ്റലിക്ക് മാര്‍ച്ചില്‍ നടക്കുന്ന രണ്ട് മല്‍സരങ്ങളിലും ജയിക്കണം. കരുത്തരായ പോര്‍ച്ചുഗലും ഈ കലാശക്കൊട്ടിന് ഇറ്റലിക്കൊപ്പമുണ്ട്. രണ്ട് ടീമില്‍ നിന്ന് ഒരാള്‍ക്കെ യോഗ്യത നേടാനാവൂ.


നിലവില്‍ തുര്‍ക്കി ക്ലബ്ബ് അഡാനാ ദെമിര്‍സ്പൂരിനായാണ് ബല്ലോട്ടെല്ലി കളിക്കുന്നത്. ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍, എസി മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്കായും ഈ 31 കാരന്‍ കളിച്ചിട്ടുണ്ട്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഫെഡറിക്കേ ചീസ പരിക്കിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ദേശീയ ടീമില്‍ നിന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരിക്കുകയാണ്. താരത്തിന്റെ വിടവ് നികത്താനാണ് ബല്ലോട്ടെല്ലിയെ സ്‌ക്വാഡില്‍ എത്തിച്ചത്. രാജ്യത്തിനായി 36 മല്‍സരങ്ങളില്‍ നിന്ന് 14 ഗോളാണ് ബെല്ലോട്ടെല്ലി നേടിയത്. 2018 യുവേഫാ നേഷന്‍സ് ലീഗിലാണ് അവസാനമായി രാജ്യത്തിനായി കളിച്ചത്. ദേശീയ ടീമിന്റെ സ്‌ക്വാഡില്‍ നിന്ന് എന്നും തഴയപ്പെടാനായിരുന്നു ബെല്ലോട്ടെല്ലിയുടെ വിധി. ഇറ്റലിയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ പറ്റിയ താരമാണ്. എന്നാല്‍ ഇടവേളകളിലായി ഏഴ് വര്‍ഷങ്ങളാണ് ഈ താരത്തിന് നഷ്ടമായത്.


ടീമിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ രക്ഷകനാവാന്‍ യോഗ്യനാണ് താരം.ഇറ്റലിയെ രക്ഷിക്കാന്‍ ബെല്ലോട്ടെല്ലിയ്ക്കാവുമെന്ന് കോച്ച് മാന്‍സിനിയും പറയുന്നു. 21 വയസ്സിനുള്ളില്‍ മൂന്ന് ഇറ്റാലിയന്‍ സീരി എ കിരീടം, കോപ്പ ഇറ്റാലിയാ, ചാംപ്യന്‍ ലീഗ്, എന്നിവയും ഒരു പ്രീമിയര്‍ ലീഗ് കിരീടവും ഒരു എഫ് കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. 2010ലെ ലോക ഫുട്‌ബോളിലെ മികച്ച യുവന്‍ താരത്തിനുള്ള ഗോള്‍ഡന്‍ പുരസ്‌കാരം നേടിയ ബെല്ലോട്ടെല്ലി ക്ലബ്ബ് തലത്തിലാണ് നേട്ടങ്ങള്‍ കൂടുതലും സ്വന്തമാക്കിയത്.

2014 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇറ്റലി പുറത്തായിരുന്നു. തുടര്‍ന്ന് താരം നാല് വര്‍ഷം ഇറ്റാലിയന്‍ സ്‌ക്വാഡില്‍ ഇടം നേടിയില്ല. പിന്നീട് രണ്ടാം വരവ് യുവേഫാ നാഷന്‍സ് ലീഗിലായിരുന്നു. 2018ല്‍ നാഷനസ് ലീഗില്‍ നിന്ന് ടീം പുറത്തായതോടെ വീണ്ടും ബെല്ലോട്ടെല്ലിയും പുറത്തായി. പിന്നീട് നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ബെല്ലോട്ടെല്ലിക്ക് വേണ്ടി വാതില്‍ തുറന്നത്. ഇത്തവണ താരം ഇറ്റലിയുടെ പ്രതീക്ഷ പൂവണിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.




Next Story

RELATED STORIES

Share it