Feature

ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് ലോകം; വിടപറഞ്ഞത് സ്പിന്‍ ബൗളിങ് ഇതിഹാസം

ലോക ക്രിക്കറ്റില്‍ 1000 വിക്കറ്റ് നേടിയ ഒരേ ഒരു താരം വോണ്‍ ആയിരുന്നു.

ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് ലോകം; വിടപറഞ്ഞത് സ്പിന്‍ ബൗളിങ് ഇതിഹാസം
X


ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ സ്പിന്‍ ബൗളര്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിന്റെ പെട്ടെന്നുള്ള മരണത്തിലെ ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് ലോകം. അല്‍പ്പം മുമ്പാണ് ഓസിസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 52കാരനായ താരത്തിന്റെ മരണം വിശ്വസിക്കാനാവതെ നില്‍ക്കുകയാണ് ആരാധകര്‍.ലോക ക്രിക്കറ്റിലെ മഹാന്‍മാരിലൊരാളായ വോണ്‍ 145 ടെസ്റ്റുകളില്‍ നിന്നും 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ 1000 വിക്കറ്റ് നേടിയ ഒരേ ഒരു താരം വോണ്‍ ആയിരുന്നു. 10 തവണ 10 വിക്കറ്റ് നേടിയ അപൂര്‍വ്വ റെക്കോഡും ഷെയ്ന്‍ വോണിന്റെ പേരിലാണ്. 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.48 തവണ നാല് വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിരുന്നു.


ബാറ്റ് കൊണ്ട് വോണ്‍ തിളങ്ങിയിരുന്നു. ടെസ്റ്റില്‍ 3, 154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും താരം നേടിയിരുന്നു. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ സ്പിന്‍ ബൗളര്‍ ആരെന്ന കാര്യത്തിലെ പ്രധാന പോരാട്ടം നടന്നത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരനും വോണും തമ്മിലായിരുന്നു.


അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വോണ്‍ ഫ്രാഞ്ചൈസി ലീഗുകളിലും തിളങ്ങി. 2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയത് വോണിന്റെ കീഴിലായിരുന്നു. പിന്നീടുള്ള സീസണില്‍ റോയല്‍സിന്റെ പരിശീലകനായും ചുമതലയേറ്റിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ ബൗളിങ് ഉപദേഷ്ടാവ് എന്ന നിലയില്‍ നിരവധി വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.


1992ല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയ്‌ക്കെതിരേ ആയിരുന്നു വോണിന്റെ അരങ്ങേറ്റം. 2007ലാണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിസ്ഡന്റെ നൂറ്റാണ്ടിലെ അഞ്ച് ക്രിക്കറ്റമാരില്‍ ഒരാളാണ് വോണ്‍. 2013ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മിലും താരം ഇടം നേടിയിരുന്നു.


1999ല്‍ ഓസിസിന് ലോകകപ്പ് നേടികൊടുത്തതില്‍ വോണിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.


കഴിഞ്ഞ ദിവസം അന്തരിച്ച മറ്റൊരു ഓസിസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ റോഡ്‌നി മാര്‍ഷിന്റെ മരണത്തില്‍ വോണ്‍ ഇന്ന് രാവിലെ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it