Cricket

ലോകകപ്പ് സെമിയിലെ ജയം: മല്‍സരശേഷം യേശുവിന് നന്ദി പറഞ്ഞതില്‍ ജെമീമയ്‌ക്കെതിരേ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍

ലോകകപ്പ് സെമിയിലെ ജയം: മല്‍സരശേഷം യേശുവിന് നന്ദി പറഞ്ഞതില്‍ ജെമീമയ്‌ക്കെതിരേ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍
X

ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ വിജയശില്‍പ്പിയായ ജെമീമ റോഡ്രിഗസിനെ വിമര്‍ശിച്ച് നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി ശങ്കര്‍. മല്‍സരശേഷം യേശുവിന് നന്ദി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കസ്തൂരി 'എക്സി'ല്‍ വിമര്‍ശനമുന്നയിച്ചത്. ആരെങ്കിലും ജയ് ശ്രീറാം എന്നോ ഹര ഹര മഹാദേവെന്നോ പറഞ്ഞിരുന്നെങ്കില്‍ എന്തായിരിക്കും മറ്റുള്ളവരുടെ പ്രതികരണമെന്ന് അവര്‍ ചോദിച്ചു.

ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചശേഷമാണ് യേശുവിന് നന്ദിപറഞ്ഞ് ജെമീമ രംഗത്തെത്തിയത്. 'എനിക്ക് യേശുവിന് നന്ദി പറയണം, എനിക്കിത് സ്വയം ചെയ്യാന്‍ കഴിയില്ലായിരുന്നു. എന്റെ അമ്മയ്ക്കും അച്ഛനും പരിശീലകനും എന്നില്‍ വിശ്വസിച്ച ഓരോ വ്യക്തിക്കും ഞാന്‍ നന്ദി പറയുന്നു. കഴിഞ്ഞ മാസം വളരെ പ്രയാസമേറിയതായിരുന്നു. ഇതൊരു സ്വപ്നം പോലെ തോന്നുന്നു, ഇപ്പോഴും എനിക്കിത് വിശ്വസിക്കാനായിട്ടില്ല.- എന്നായിരുന്നു വിജയത്തിന് ശേഷം ജെമീമ പറഞ്ഞത്.

ഇതിനെതിരേയാണ് കസ്തൂരി രംഗത്തെത്തിയത്. ഏതെങ്കിലും ക്രിക്കറ്റ് താരം ശിവന്റെ പേരിലോ ഹനുമാന്റെ പേരിലോ വിജയം സമര്‍പ്പിച്ചാല്‍ എങ്ങനെയായിരിക്കും മറ്റുള്ളവര്‍ പ്രതികരിക്കുക എന്നും അവര്‍ ചോദിച്ചു. ജെമീമയുടെ വിശ്വാസത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് നമ്മള്‍ മറ്റുള്ളവരുടെ വികാരങ്ങളെ അതേരീതിയില്‍ പരിഗണിക്കാത്തത്. - കസ്തൂരി 'എക്സി'ല്‍ കുറിച്ചു. ഒരു വ്യക്തിയേയും താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കസ്തൂരി പറയുന്നു.

ഓസീസിനെതിരേ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്കരുത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. തകര്‍പ്പനടികളോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ചകൂട്ടായി നിന്നു. 134 പന്തുകളില്‍ 127 റണ്‍സ് നേടിയ ജെമീമ, ക്രീസില്‍ തുടര്‍ന്ന് ടീമിന്റെ വിജയംകൂടി ഉറപ്പാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it