Cricket

വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
X

മുംബൈ: പുതിയ സീസണിലെ വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് നാലാം എഡിഷന്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മല്‍സരം. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം അരങ്ങേറുന്നത്. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനല്‍. വൈകീട്ട് 3.30നും 7.30നുമാണ് മല്‍സരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, യുപി ടീമുകള്‍ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

ഡബിള്‍ റൗണ്ട് റോബിന്‍ പോരാട്ടമാണ് ഇത്തവണയും. 5 ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വരും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുക. ടേബിള്‍ ടോപ്പര്‍ നേരിട്ട് ഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തുള്ളവര്‍ തമ്മില്‍ വീണ്ടും മല്‍സരിക്കും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ജെമിമ റോഡ്രിഗ്സുമാണ് നയിക്കുന്നത്. യുപി വാരിയേഴ്സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ഗുജറാത്ത് ജയന്റ്സിനെ ആഷ്ലി ഗാര്‍ഡ്നറാണ് നയിക്കുന്നത്.

മൂന്ന് മലയാളി താരങ്ങളും വിവിധ ടീമുകളിലുണ്ട്. മലയാളി താരങ്ങളായ സജന സജീവന്‍ മുംബൈ ഇന്ത്യന്‍സിലും ആശ ശോഭന യുപി വാരിയേഴ്സിലും മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലും കളിക്കും.മല്‍സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലൂടെ തല്‍സമയം കാണാം. ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ജിയോ ഹോട്സ്റ്റാര്‍, വെബ്സൈറ്റ് എന്നിവയിലും ലൈവ് ബ്രോഡ്കാസ്റ്റിങുണ്ട്.





Next Story

RELATED STORIES

Share it