Cricket

രഞ്ജി ട്രോഫി: കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം

രഞ്ജി ട്രോഫി: കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം
X

തിരുവനന്തപുരം: ജലജ് സക്‌സേനയുടെ ഓള്‍ റൗണ്ട് മികവില്‍ രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ആന്ധ്രയെ ഒമ്പത് വിക്കറ്റിന് കീഴടക്കി കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. സെന്റ് സേവ്യേഴ്സ് കോളജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ നാലാം ദിവസം 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം വിജയലക്ഷ്യമായ 43 റണ്‍സ് കണ്ടെത്തി. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി 9 വിക്കറ്റും വീഴ്ത്തിയ ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്.

രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രയെ 115 റണ്‍സിന് പുറത്താക്കി നിസ്സാര വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 16 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെ നഷ്ടമായെങ്കിലും 19 റണ്‍സുമായി ജലജ് എസ് സക്‌സേനയും എട്ടു റണ്‍സുമായി രോഹന്‍ പ്രേമും ടീമിനെ വിജയത്തിലെത്തിച്ചു.

ആദ്യമത്സരത്തില്‍ ഹൈദരാബാദിനോട് സമനില വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം മറികടക്കുന്നതായിരുന്നു കേരളത്തിന്റെ വിജയം. ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 32 റണ്‍സെടുത്ത റിക്കി ഭുയി മാത്രമാണ് പൊരുതി നോക്കിയത്. കേരളത്തിനായി ജലജ് സക്‌സേന 45 റണ്‍സ് വഴങ്ങിയാണ് എട്ടു വിക്കറ്റെടുത്തത്.

ഈ വിജയത്തോടെ കരുത്തരായ മുംബൈയും പഞ്ചാബുമടങ്ങുന്ന ബി ഗ്രൂപ്പില്‍ ഏഴ് പോയന്റുമായി കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.സ്‌കോര്‍: ആദ്യ ഇന്നിങ്സ്- ആന്ധ്ര 254, കേരളം- 328. രണ്ടാം ഇന്നിങ്സ്- ആന്ധ്ര 115, കേരളം- 43/1. രഞ്ജി ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന്റെ 14ാമത്തെ വിജയമാണിത്. 2011- 12 സീസണിലാണ് കേരളം ആന്ധ്രയെ അവസാനം പരാജയപ്പെടുത്തിയത്. 20ന് ഈഡന്‍ ഗാര്‍ഡനില്‍ ബംഗാളുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഓള്‍റൗണ്ടര്‍ വിനോദ്കുമാറിനെ അടുത്ത മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ജലജ് സക്സേനക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സെക്രട്ടറി ശ്രീജിത്ത് നായര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it