Cricket

റബാദ ഇന്ത്യയില്‍ തിരിച്ചെത്തി; ഐപിഎലില്‍ കളിക്കും

റബാദ ഇന്ത്യയില്‍ തിരിച്ചെത്തി; ഐപിഎലില്‍ കളിക്കും
X

മുംബൈ: നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതോടെ ഐപിഎലിനിടെ സ്വദേശത്തേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗീസോ റബാദ ഇന്ത്യയില്‍ തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് താരമായ റബാദ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തിരിച്ചെത്തിയത്. ഇന്നു നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം മുതല്‍ റബാദ സിലക്ഷന് ലഭ്യമാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് അറിയിച്ചു.

''തന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവ് റബാദ അംഗീകരിക്കുകയും അതില്‍ ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ് ഫ്രീ സ്‌പോര്‍ട് (എസ്എഐഡിഎസ്) ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. താല്‍ക്കാലിക വിലക്ക് അംഗീകരിച്ച് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന റബാദ നിര്‍ദ്ദേശിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് റബാദയുടെ സേവനം ലഭ്യമാകും' ഗുജറാത്ത് ടൈറ്റന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതിനാലാണ് താന്‍ ഐപിഎല്‍ സീസണില്‍ നിന്നു പിന്‍മാറിയതെന്ന് കഗീസോ റബാദ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇരുപത്തൊന്‍പതുകാരന്‍ റബാദ വിലക്കിന്റെ കാര്യം വെളിപ്പെടുത്തിയത്.

ഫെബ്രുവരിയില്‍ എസ്എ20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാദ പരാജയപ്പെട്ടത്. എന്നാല്‍ ഏത് ഉല്‍പന്നമാണ് ഉപയോഗിച്ചത് എന്നതിനു സ്ഥിരീകരണമില്ല. ഗുജറാത്ത് ടൈറ്റന്‍സ് താരമായ റബാദ സീസണില്‍ 2 മത്സരം മാത്രം കളിച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങുകയായിരുന്നു. താരലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാദയെ സ്വന്തമാക്കിയത്.




Next Story

RELATED STORIES

Share it