Cricket

റോക്കറ്റ് ബാറ്റിങുമായി കമ്മിന്‍സ്; മുംബൈക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ഐപിഎല്ലിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി എന്ന നേട്ടവും കമ്മിന്‍സ് നേടി.

റോക്കറ്റ് ബാറ്റിങുമായി കമ്മിന്‍സ്; മുംബൈക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി
X


പുനെ: തീപ്പാറുന്ന ബാറ്റിങുമായി കെകെആറിന്റെ പാറ്റ് കമ്മിന്‍സ് ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ടു. ഇന്ന് നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ തോല്‍വി.162 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 16 ഓവറില്‍ കെകെആര്‍ പിന്‍തുടര്‍ന്നു.കമ്മിന്‍സും വെങ്കിടേഷ് അയ്യരും ചേര്‍ന്നാണ് വെടിക്കെട്ട് പ്രകടനത്തിലൂടെ കെകെആറിന് ജയമൊരുക്കിയത്.


ഐപിഎല്ലിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി എന്ന നേട്ടവും കമ്മിന്‍സ് നേടി. കെ എല്‍ രാഹുലിന്റെ റെക്കോഡിനൊപ്പമാണ് കമ്മിന്‍സ് എത്തിയത്. 14 പന്തിലാണ് താരം അര്‍ദ്ധസെഞ്ചുറി നേടിയത്.41 പന്തില്‍ 50 റണ്‍സുമായി വെങ്കിടേഷ് അയ്യരും പുറത്താവാതെ നിന്നു.15 പന്തില്‍ 56 റണ്‍സെടുത്ത കമ്മിന്‍സിന്റെ ഇന്നിങ്‌സില്‍ പിറന്നത് ആറ് സിക്‌സും നാല് ഫോറുമാണ്. രഹാനെ, ശ്രേയസ് അയ്യര്‍, നിതേഷ് റാണ, റസ്സല്‍ എന്നിവര്‍ക്കൊന്നും ഇന്ന് ഫോം കണ്ടെത്താനായില്ല.


ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് ഇന്ന് കാര്യമായ ബാറ്റിങ് കാഴ്ചവയ്ക്കാനായില്ല. 20 ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍(36 പന്തില്‍ 52). ബ്രിവിസ് 29ഉം തിലക് വര്‍മ്മ 38ഉം റണ്‍സ് നേടി. അഞ്ച് പന്തില്‍ 22 റണ്‍സ് അടിച്ചെടുത്ത് പൊള്ളാര്‍ഡ് മുംബൈയെ മാന്യമായ നിലയില്‍ എത്തിച്ചു. മൂന്ന് സിക്‌സാണ് താരം അടിച്ചത്. കെകെആറിനായി കമ്മിന്‍സ് രണ്ടും ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ(3), ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല.


നാലില്‍ മൂന്ന് ജയവുമായി കെകെആര്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്നില്‍ മൂന്ന് മല്‍സരവും തോറ്റ മുംബൈ ഇന്ത്യന്‍സ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it