Cricket

ഇംഗ്ലണ്ടിനെ 14 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ഇംഗ്ലണ്ടിനെ 14 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്
X

ട്രന്റ് ബ്രിഡ്ജ്: ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഏറ്റവും ചെറിയ ടീം ടോട്ടല്‍ നേടിയ പാകിസ്താന്‍ ഇന്ന് ആതിഥേയര്‍ക്കെതിരേ വമ്പന്‍ ജയം സ്വന്തമാക്കി. കൂറ്റന്‍ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിനെ 14 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. പാകിസ്താന്റെ 348 റണ്‍സ് പിന്തുടര്‍ന്ന് ജോ റൂട്ടും ജോസ് ബട്്‌ലറും സെഞ്ചുറിയുമായി പിടിച്ചു നിന്നെങ്കിലും വാലറ്റത്ത് പിടിച്ചു നില്‍ക്കാന്‍ ആരുമില്ലാത്തത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 334 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ജോ റൂട്ട് 107 ഉം ജോസ് ബട്‌ലര്‍ 103 ഉം റണ്‍സെടുത്ത് ഇംഗ്ലണ്ടിനായി വന്‍ മതില്‍ സൃഷ്ടിച്ചു. എന്നാല്‍ ലക്ഷ്യം വലുതായതും ഇംഗ്ലണ്ടിന് വിനയായി. ഇരുവരുടെയും പുറത്താവലിന് ശേഷം എത്തിയ ആര്‍ക്കും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് എത്തിനില്‍ക്കെ ജേസണ്‍ റോയി(8)യെ പുറത്താക്കിയാണ് പാകിസ്താന്‍ ഇംഗ്ലണ്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കൊയ്ത് പാകിസ്താന്‍ ലക്ഷ്യം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ജോണ്‍ ബെയര്‍സ്‌റ്റോ(32), ക്രിസ് വോക്‌സ്(21), മോയിന്‍ അലി(19) എന്നിവരാണ് ഇംഗ്ലണ്ടിനായി രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. വഹാബ് റിയാസ് മൂന്നും മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും പാകിസ്താനായി നേടി. ആദ്യമല്‍സരത്തില്‍ 109 റണ്‍സ് നേടിയ പാകിസ്താന്‍ വെസ്റ്റ്ഇന്‍ഡീസിനോടാണ് തോറ്റത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 348 റണ്‍സ് നേടി. ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് പാക് ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മറ്റ് താരങ്ങളും അവസാനം വരെ കാത്തുസൂക്ഷിച്ചതാണ് പാകിസ്താന് നേട്ടമായത്.

ബാബര്‍ അസം(63), മുഹമ്മദ് ഹഫീസ് (84), സര്‍ഫറാസ് അഹമ്മദ്(55) എന്നിവരാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഇമാമുള്‍ ഹഖ്(44), ഫഖര്‍ സമാന്‍(36) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഉയര്‍ന്ന ടീം ടോട്ടല്‍ നേടിയിട്ടും പാക് നിരയില്‍ ആരും സെഞ്ചുറി നേടിയിരുന്നില്ല. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, മോയിന്‍ അലി എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റ് നേടി. ആദ്യ മല്‍സരത്തിലെ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബൗളര്‍ ജൊഫ്ര ആര്‍ച്ചര്‍ 10 ഓവറില്‍ 73 റണ്‍സാണ് വഴങ്ങിയത്.

Next Story

RELATED STORIES

Share it