Cricket

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി പഞ്ചാബ് കിങ്‌സ്

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി പഞ്ചാബ് കിങ്‌സ്
X

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 184 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മധ്യനിരയും വാലറ്റനിരയും തകര്‍ന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 69 റണ്‍സെടുത്ത് പൊരുതിയെങ്കിലും ജയം പഞ്ചാബിനൊപ്പമായിരുന്നു. 43 പന്തില്‍ നിന്നാണ് ബട്‌ലര്‍ 69 റണ്‍സ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ അജിങ്കാ രഹാനെ 27 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ 25 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. പഞ്ചാബ് കിങ്‌സിന് വേണ്ടി സാം കുര്യന്‍, മുജീബ് റഹ്മാന്‍, അങ്കിത് രജപുത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 47 പന്തില്‍ നിന്നാണ് ഗെയ്ല്‍ 79 റണ്‍സെടുത്തത്. ഇന്നത്തെ മല്‍സരത്തില്‍ ആറ് റണ്‍സ് നേടിയതോടെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബില്‍ എത്തുന്ന താരമെന്ന റെക്കോഡും ഗെയ്ല്‍ സ്വന്തമാക്കി. 112 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗെയ്‌ലിന്റെ നേട്ടം. എട്ടോളം ഇന്ത്യന്‍ താരങ്ങള്‍ ഈ ക്ലബ്ബില്‍ കയറിയിട്ടുണ്ട്. ആദ്യം ഇഴഞ്ഞു നീങ്ങിയ ഗെയ്ല്‍ പിന്നീട് ശരവേഗത്തിലാണ് വെടിക്കെട്ട് ബാറ്റിങ് തുടങ്ങിയത്. നാല് സിക്‌സും എട്ട് ഫോറും അടങ്ങിയതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്കസിന്റെ പന്തില്‍ രാഹുല്‍ ത്രിപാഠി ക്യാച്ചെടുത്താണ് ഗെയ്ല്‍ പുറത്തായത്. 29 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സര്‍ഫറാസ് ഖാനും ഗെയ്‌ലിന് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് പഞ്ചാബ് ഇന്നിങ്‌സിന് ജീവന്‍ നല്‍കിയത്. മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്തു. രാജസ്ഥാനുവേണ്ടി ബെന്‍സ്റ്റോക്കസ് രണ്ടും ധാവല്‍ കുല്‍ക്കര്‍ണി, കൃഷ്ണപ്പാ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Next Story

RELATED STORIES

Share it