Latest News

'തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ നിന്ന് പിന്മാറണം'; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ നിന്ന് പിന്മാറണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി
X

ന്യൂഡല്‍ഹി: എസ്ഐആറില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എസ്‌ഐആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരാണ്. വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു. സമയപരിധി അപ്രായോഗികമാണ്. നടപടി ക്രമങ്ങള്‍ ബിഎല്‍ഒ മാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എസ്ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്.

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കത്ത്. എസ്‌ഐആര്‍ ജനങ്ങള്‍ക്കെതിരേയുള്ള യുദ്ധമാണെന്നും എം എ ബേബി വ്യക്തമാക്കി. ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിയാണ് വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണമെന്ന് എം എ ബേബി നേരത്തെ പറഞ്ഞിരുന്നു. പൗരത്വം നിര്‍ണയിക്കുന്നതിനുള്ള അവകാശം തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങള്‍ക്കെതിരായ വിശാലമായ ക്യാംപയിന്‍ പാര്‍ട്ടി സംഘടിപ്പിക്കും. യോഗ്യതയുള്ള ഒരു വോട്ടറും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തും.

ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. സിപിഎം കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്കകള്‍ ശരിവയ്ക്കുന്ന വിധമാണ് സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളുടെ മുന്നോട്ടുപോക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയിലുള്ള വോട്ടര്‍മാരില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടവരുടെ എണ്ണം ഇരട്ടിയായ സാഹചര്യം ഉണ്ടായിരുന്നു. 37 ലക്ഷത്തോളം പേര്‍ രേഖകള്‍ ഹാജരാക്കണം. 2.54 കോടി വോട്ടര്‍മാരില്‍ 19.32 ലക്ഷം പേര്‍ക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

Next Story

RELATED STORIES

Share it