Cricket

ഐപിഎല്‍; ആഞ്ഞടിച്ച് രാഹുല്‍; റോയല്‍സിനെ കടപുഴക്കി കിങ്‌സ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 97 റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് വന്‍ ജയം നേടിയത്.

ഐപിഎല്‍; ആഞ്ഞടിച്ച് രാഹുല്‍; റോയല്‍സിനെ കടപുഴക്കി കിങ്‌സ് ഇലവന്‍
X

ദുബായ്: കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഐപിഎല്ലില്‍ ആദ്യ ജയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 97 റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് വന്‍ ജയം നേടിയത്. രവി ബിഷ്‌ണോയി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ മൂന്നും ഷെല്‍ഡ്രോണ്‍ കോട്രല്‍ രണ്ട് വിക്കറ്റും നേടിയാണ് റോയല്‍സിനെ ചുരുട്ടികെട്ടിയത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ശതകത്തെ (132) പിന്‍തുടര്‍ന്ന് പഞ്ചാബ് നേടിയ 206 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാഗ്ലൂരിനെ 17 ഓവറില്‍ 109 റണ്‍സിന് പുറത്താക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ തുടക്കം തന്നെ പാളിയിരുന്നു. ആ തകര്‍ച്ചയില്‍ നിന്ന് റോയല്‍സ് പിന്നീട് ഉയര്‍ത്തെഴുന്നേറ്റില്ല. ബാംഗ്ലൂരിന്റെ ആദ്യ മല്‍സരത്തിലെ ഹീറോ ദേവ്ദത്ത് പടിക്കല്‍ ഇന്ന് ഒരു റണ്‍സിന് പുറത്താവുകയായിരുന്നു. തുടര്‍ന്ന് ജോഷ് ഫിലിപ്പ്(0), കോഹ്‌ലി (1) എന്നിവര്‍ കൂടി പുറത്തായതോടെ ബാംഗ്ലൂര്‍ പതനം തുടങ്ങി.തുടര്‍ന്ന് ആരോണ്‍ ഫിഞ്ച് (20), ഡി വില്ലിയേഴ്‌സ് (28), വാഷിങ്ടണ്‍ സുന്ദര്‍ (30) എന്നിവര്‍ പൊരുതാന്‍ നോക്കിയെങ്കിലും പഞ്ചാബ് നിരയിലെ സ്പിന്നര്‍മാരും പേസര്‍മാരും ഒരു പോലെ തിളങ്ങിയതോടെ അവര്‍ വന്‍ ജയം സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ റോയല്‍സ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവര്‍ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും മര്‍ദ്ധിച്ച് കൊണ്ടാണ് രാഹുല്‍ തുടങ്ങിയത്. 69 പന്തില്‍ നിന്നായിരുന്നു രാഹുല്‍ 132 റണ്‍സ് നേടിയത്. ഐപിഎല്ലിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 14 ഫോറും ഏഴ് സിക്‌സും പറത്തിയാണ് ക്യാപ്റ്റന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്‌സിന് തുണയായത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ മിസ് ഫീല്‍ഡിങ്ങുകളായിരുന്നു. രാഹുലിനെ പുറത്താക്കാനുള്ള രണ്ട് ക്യാച്ചുകള്‍ കൈവിട്ടതും കോഹ്‌ലിയായിരുന്നു. ഇതിന് ബാംഗ്ലൂര്‍ വിലനല്‍കിയതാവാട്ടെ ഒരു തോല്‍വിയും. മായങ്ക് അഗര്‍വാള്‍ (26), നിക്കോളസ് പൂരന്‍ (17), കരുണ്‍ നായര്‍ (15) എന്നിവരും പഞ്ചാബിനായി സ്‌കോര്‍ ചെയ്തു. ആദ്യ മല്‍സരത്തില്‍ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it