Cricket

രാഹുലിന്റെ സെഞ്ചുറി പാഴായി; പൊള്ളാര്‍ഡ് മാജിക്കില്‍ മുംബൈ

അവസാന ഓവറുകള്‍ വരെ ആവേശം വിതറിയ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് ലക്ഷ്യം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടി.

രാഹുലിന്റെ സെഞ്ചുറി പാഴായി; പൊള്ളാര്‍ഡ് മാജിക്കില്‍ മുംബൈ
X

മുംബൈ: ഐപിഎല്ലില്‍ മുംബൈയുടെ കീറണ്‍ പൊള്ളാര്‍ഡിന്റെ മാജിക്കല്‍ ബാറ്റിങിന് മുന്നില്‍ പഞ്ചാബിന്റെ രാഹുലിന്റെയും ക്രിസ് ഗെയ്‌ലിന്റെയും ഇന്നിങ്‌സുകള്‍ പാഴായി. അവസാന ഓവറുകള്‍ വരെ ആവേശം വിതറിയ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് ലക്ഷ്യം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടി. 83 റണ്‍സെടുത്താണ് പൊള്ളാര്‍ഡ് മുംബൈയുടെ വിജയശില്‍പ്പിയായത്. 31 പന്തില്‍ നിന്നാണ് കീറണ്‍ പൊള്ളാര്‍ഡ് 83 റണ്‍സെടുത്തത്. 10 സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ്. പൊള്ളാര്‍ഡിന്റെ ഒറ്റയാന്‍ പ്രകടനമാണ് മുംബൈയ്ക്ക് ജയം നല്‍കിയത്. പൊള്ളാര്‍ഡ് പുറത്തായതിന് ശേഷം അല്‍സാരി ജോസഫാണ് മുംബൈക്കായി അവസാന ഓവറുകളില്‍ നിലയുറപ്പിച്ച് ജയം നല്‍കിയത്. ജോസഫ് 15 റണ്‍സെടുത്തു. ക്വിന്റണ്‍ ഡികോക്ക്(24), സിധീഷ് ലാഡ്(15), സുര്യകുമാര്‍ യാദവ്(21) എന്നിവരാണ് മുംബൈയ്ക്ക് വേണ്ടി രണ്ടക്കം കടന്നവര്‍. പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് പകരം പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. മുഹമ്മദ് ഷമി പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. ലോകേഷ് രാഹുലിന്റെയും ക്രിസ് ഗെയ്‌ലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 64 പന്തില്‍ നിന്നാണ് രാഹുലിന്റെ സെഞ്ചുറി. ആറ് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. പുറത്താവാതെ രാഹുല്‍ പഞ്ചാബിന് വേണ്ടി അവസാനം വരെ പൊരുതി. രാഹുലിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ഈ സീസണിലെ ഐപിഎല്ലിലെ നാലാമത്തെ സെഞ്ചുറിയാണിത്. സഞ്ജു സാംസണ്‍, ഡേവിഡ് വാര്‍ണര്‍, ജോണി ബേയര്‍സ്‌റ്റോ എന്നിവരാണ് ഇതിന് മുമ്പ് സെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍. 36 പന്തില്‍ നിന്നാണ് മിന്നല്‍ ബാറ്റിങുമായി ക്രിസ് ഗെയ്ല്‍ 63 റണ്‍സെടുത്തത്. ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. മുംബൈയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് രാഹുലിന്റെയും ഗെയ്‌ലിന്റെ ബാറ്റിങ് ചൂട് ഏറ്റുവാങ്ങിയത്. നാല് ഓവറില്‍ ഹാര്‍ദ്ദിക്ക് 57 റണ്‍സാണ് വഴങ്ങിയത്. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനത്തില്‍ പഞ്ചാബ് ഇന്നിങ്‌സ് പാഴായിപ്പോവുകയായിരുന്നു.

Next Story

RELATED STORIES

Share it