Cricket

കാര്യവട്ടത്ത് ഇന്ന് ഇന്ത്യാ-ന്യൂസിലന്റ് പോരാട്ടം; സഞ്ജു നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങിയേക്കും

കാര്യവട്ടത്ത് ഇന്ന് ഇന്ത്യാ-ന്യൂസിലന്റ് പോരാട്ടം; സഞ്ജു നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങിയേക്കും
X

തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസിലന്‍ഡും ശനിയാഴ്ച രാത്രി 7-ന് ഇവിടെ ഏറ്റുമുട്ടും. സഞ്ജു സാംസണ്‍ സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നതിന്റെ റെക്കോഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മല്‍സരമെത്തുന്നത്. ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

സൂര്യകുമാറും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും നെറ്റ്‌സില്‍ പരിശീലനം നടത്തി. അക്ഷര്‍ പട്ടേല്‍, ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലന്‍ഡ് ടീമും ക്യാപ്റ്റന്‍ സാന്റ്‌നറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പോലിസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാര്‍ക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ടീമിന്റെ ജഴ്‌സിയും മറ്റും വില്‍പ്പന തുടങ്ങിയതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ ആവേശത്തിലായി.









Next Story

RELATED STORIES

Share it