Cricket

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഹെയ്ന്റിച് ക്ലാസന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഹെയ്ന്റിച് ക്ലാസന്‍
X

ജൊഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ ഏകദിനത്തില്‍ നിന്നു വിരമിച്ചതിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മറ്റൊരു വിരമിക്കല്‍ കൂടി. ദക്ഷിണാഫ്രിക്കയുടെ പ്രതിഭാധനനായ ബാറ്റര്‍ ഹെയ്ന്റിച് ക്ലാസനാണ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. താരം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്നു വ്യക്തമാക്കി.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്റര്‍മാരില്‍ ഒരാളും മികച്ച ഫിനിഷറുമായാണ് ക്ലാസന്‍ വിലയിരുത്തപ്പെടുന്നത്. 33ാം വയസിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. 2024 ജനുവരിയില്‍ താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പരിമിത ഓവറില്‍ പ്രോട്ടീസ് നിരയിലെ നിര്‍ണായക താരമാണ് ക്ലാസന്‍. ഒമ്പത് മല്‍സരത്തില്‍ ടീമിനെ നയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമാണ്.

ദക്ഷിണാഫ്രിക്കയ്ക്കായി 60 ഏകദിനങ്ങളും 58 ട്വന്റി-20 മല്‍സരങ്ങളും കളിച്ച താരമാണ് ക്ലാസന്‍. നാല് ടെസ്റ്റ് മല്‍സരങ്ങളാണ് കളിച്ചത്. 104 റണ്‍സ് മാത്രമാണ് നേടിയത്. ഏകദിനത്തില്‍ 2141 റണ്‍സ്. 4 സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും. ട്വന്റി-20യില്‍ 1000 റണ്‍സ്. 5 അര്‍ധ സെഞ്ചുറികള്‍. ഏകദിനത്തില്‍ 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ട്വന്റി-20യില്‍ 81 റണ്‍സ്.

'ഈ ദിവസം എനിക്ക് ഏറെ വിഷമകരമാണ്. കാരണം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു പടിയിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. കുറേ ദിവസമായി കൊണ്ടു നടക്കുന്ന ആലോചനയാണ് പുറത്തു വിടുന്നത്. എനിക്കും എന്റെ കുടുംബത്തിനും അവരുടെ ഭാവിയ്ക്കും വേണ്ടിയാണ് ഈ തീരുമാനം. തീരുമാനത്തിലെത്താന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ ഭാരമൊഴിഞ്ഞ പ്രതീതിയാണ്. രാജ്യത്തിനായി കളിക്കുക എന്നത് വലിയ അംഗീകാരമാണ്. ബാല്യത്തില്‍ കണ്ട സ്വപ്നമാണ് യാഥാര്‍ഥ്യമായത്'- താരം വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it