Cricket

ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ നാളെ ലോകകപ്പ് മാമാങ്കത്തിന് തുടക്കം

വെയ്ല്‍സും ഇംഗ്ലണ്ടും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ 11 വേദികളില്‍ ഇനി ഒരുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങളാണ് ക്രിക്കറ്റ് ആരാധകര്‍ക്കായി കാത്തുനില്‍ക്കുന്നത്. ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ലോകക്രിക്കറ്റിലെ ശക്തരായ 10 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ നാളെ ലോകകപ്പ് മാമാങ്കത്തിന് തുടക്കം
X

ലോര്‍ഡ്‌സ്: ലോക ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഇംഗ്ലണ്ടില്‍ നാളെ ലോകകപ്പിന് തുടക്കം. വെയ്ല്‍സും ഇംഗ്ലണ്ടും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ 11 വേദികളില്‍ ഇനി ഒരുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങളാണ് ക്രിക്കറ്റ് ആരാധകര്‍ക്കായി കാത്തുനില്‍ക്കുന്നത്. ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ലോകക്രിക്കറ്റിലെ ശക്തരായ 10 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ഇന്ത്യ എന്നീ ടീമുകള്‍ക്കാണ് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ കിരീടസാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, കറുത്ത കുതിരകളാവാന്‍ പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങള്‍ ഒട്ടും പിന്നിലല്ലെന്നറിയിക്കാന്‍ പുതിയ ശക്തികളായ അഫ്ഗാനിസ്താനും ഒരുങ്ങിത്തന്നെ. മണ്‍മറഞ്ഞ പോരാട്ടം പുനര്‍ജനിക്കുമെന്ന പ്രതീക്ഷയില്‍ ശ്രീലങ്ക ഇറങ്ങുമ്പോള്‍ ആദ്യകിരീടം ലക്ഷ്യംവച്ച് ന്യൂസിലന്റും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ബംഗ്ലാദേശും ഈ പോരാട്ടത്തില്‍ പങ്കാളിയാവുന്നു.

റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 10 ടീമുകളും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് ഈ ഫോര്‍മാറ്റിന്റെ പ്രത്യേകത. ജൂലായ് 16നാണ് ഫൈനല്‍. പോയിന്റ് നില അനുസരിച്ചാണ് സെമി ഫൈനല്‍ പ്രവേശനം. ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോഡ്,റോസ് ബൗള്‍, എഡ്ജ്ബാസ്റ്റണ്‍, റിവര്‍സൈഡ് ഗ്രൗണ്ട്, ഹീഡിങ്‌ലെയ്ല്‍, ബ്രിസ്റ്റള്‍ കൗണ്ടി, സോഫിയാ ഗാര്‍ഡന്‍സ്, ടോന്റണ്‍ കൗണ്ടി ഗ്രൗണ്ട്, ഓവല്‍ എന്നിവടങ്ങളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ ലോകകപ്പ് ഇന്ത്യയിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മികച്ച ഫോമിലുള്ള ഇന്ത്യ ന്യൂസിലന്റിനെതിരായ സന്നാഹമല്‍സരത്തില്‍ തോറ്റത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍, ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ തിരിച്ചുവന്നിരുന്നു. പരിക്കില്‍നിന്ന് മുക്തനായി വിജയ് ശങ്കര്‍ തിരിച്ചെത്തിയതും നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ ഫോമിലേക്കുയര്‍ന്നതും ഇന്ത്യയുടെ ആശങ്കകളകറ്റി. സൂപ്പര്‍ ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. മികച്ച ബാറ്റിങ് ലൈന്‍ അപ്പും ഇന്ത്യയുടെ പ്രതീക്ഷയാണ്. ധോണിയുടെ പരിചയസമ്പത്തും നിലവിലെ ഫോമും ഇന്ത്യയ്ക്ക് ഏറെ തുണയാവും. ബുംറ, ഷമി, യാദവ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. ഇന്ത്യയുടെ ആദ്യ മല്‍സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എം എസ് ധോണി, വിജയ് ശങ്കര്‍, കേദര്‍ ജാദവ്, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.

Next Story

RELATED STORIES

Share it