Cricket

ബംഗളൂരു ദുരന്തം; വിരാട് കോഹ്‌ലിക്കെതിരേ പോലിസില്‍ പരാതി

ബംഗളൂരു ദുരന്തം; വിരാട് കോഹ്‌ലിക്കെതിരേ പോലിസില്‍ പരാതി
X

ബംഗളൂരു: ഐപിഎല്‍ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കെതിരേ പോലിസില്‍ പരാതി. ബംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലിസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതിക്കാരന്‍.

സംഭവത്തിന് പിന്നാലെ കോഹ്‌ലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടനല്‍കിയതായി പരാതിയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോഹ്‌ലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്നാണ് പോലിസ് അറിയിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും പരാതിയും പരിശോധിക്കപ്പെടുക.

സംഭവത്തില്‍ ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. എന്നാല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍(കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെയുടെ അറസ്റ്റില്‍ തത്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.





Next Story

RELATED STORIES

Share it