Cricket

ബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം നാല് പേര്‍ അറസ്റ്റില്‍

ബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം നാല് പേര്‍ അറസ്റ്റില്‍
X

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ അപകടത്തില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖില്‍ സോസലെയെ പോലിസ് അറസ്റ്റു ചെയ്തു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍മാത്യു, കിരണ്‍, സുമന്ത് എന്നിവരെയും അറസ്റ്റു ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീടനേട്ടത്തിനു പിന്നാലെ താരങ്ങളെ കാണാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കൂട്ടത്തോടെ തള്ളിക്കയറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ് സിഎ), ആര്‍സിബി ടീം മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ് വര്‍ക്ക് എന്നിവര്‍ക്കതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് പോലിസ് ഇന്നലെ കേസെടുത്തിരുന്നു. ക്രിക്കറ്റ് ആരാധകരുടെ തിക്കിലും തിരക്കിലും 13 വയസ്സുകാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചതില്‍ സ്വമേധയാ കേസെടുത്ത കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. 10 നകം റിപോര്‍ട്ട് നല്‍കണം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ആര്‍സിബി മാനേജ്‌മെന്റ് , ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

സിറ്റി പോലിസ് കമ്മിഷണറെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന നാല് പോലിസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ആരാധകരെ നിയന്ത്രിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തുറന്നു സമ്മതിച്ചു.






Next Story

RELATED STORIES

Share it