Cricket

ലോകകപ്പില്‍ അഫ്ഗാനെതിരേ ജയം; സെമി സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്

ഷാഖിബുല്‍ ഹസ്സന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്

ലോകകപ്പില്‍ അഫ്ഗാനെതിരേ ജയം; സെമി സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്
X

സൗത്താംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ബംഗ്ലാദേശ്. 62 റണ്‍സിന്റെ ജയത്തോടെ ബംഗ്ലാ കടുവകള്‍ സെമി സാധ്യത നിലനിര്‍ത്തി. 263 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച അഫ്ഗാനിസ്ഥാനെ 200 റണ്‍സിന് പിടിച്ചുകെട്ടിയാണ് ബംഗ്ലാദേശ് സെമി പ്രതീക്ഷയിലേക്ക് കടന്നത്. ഷാഖിബുല്‍ ഹസ്സന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയാണ് ഷാക്കിബ് അഫ്ഗാനിസ്താന്റെ ആദ്യ ജയമെന്ന സ്വപ്‌നം തകര്‍ത്തത്. 47 ഓവറിലാണ് അഫ്ഗാനിസ്താന്റെ തകര്‍ച്ച പൂര്‍ണമായത്. 49 റണ്‍സ് നേടിയ സമീഉല്ല ഷെന്‍വാരിയും 47 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നൈബുമാണ് അഫ്ഗാന്‍ നിരയില്‍ പിടിച്ചുനിന്നത്. ഷാഖിബ് 29 റണ്‍സ് വിട്ടു നില്‍കിയാണ് അഞ്ചുവിക്കറ്റ് നേടിയത്. മുസ്തഫിസുര്‍ രണ്ടും മൊസ്‌ദേക്ക് ഹുസയ്ന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണെടുത്തത്. മുഷ്ഫിഖുര്‍ റഹ്മാനാണ്(83) ടോപ് സ്‌കോറര്‍. ഷാഖിബുല് ഹസന്‍ 51 റണ്‍സെടുത്ത് ഇത്തവണയും മികവ് പ്രകടിപ്പിച്ചു. തമീം ഇഖ്ബാല്‍(36), മൊസ്ദാഖ്(35), മുഹമ്മദുല്ല(27) എന്നിവരും ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഫ്ഗാനിസ്താനു വേണ്ടി മുജീബ് മൂന്നും ഗുല്‍ബാദിന്‍ രണ്ടും വിക്കറ്റ് നേടി. ഏഴു മല്‍സരങ്ങളില്‍ നിന്നായി ഏഴ് പോയിന്റുമായി ബംഗ്ലാദേശ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. പോയിന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയില്‍ പ്രവേശിക്കുക. ബംഗ്ലാദേശിന് ഇനി രണ്ട് മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ന്യൂസിലന്റ്, ആസ്‌ത്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.



Next Story

RELATED STORIES

Share it