Cricket

ഏഷ്യാകപ്പിലെ ഹസ്തദാന വിവാദം; പിസിബിയുടെ ആവശ്യങ്ങള്‍ തള്ളി ഐസിസി, റഫറിയെ പുറത്താക്കില്ല

ഏഷ്യാകപ്പിലെ ഹസ്തദാന വിവാദം; പിസിബിയുടെ ആവശ്യങ്ങള്‍ തള്ളി ഐസിസി, റഫറിയെ പുറത്താക്കില്ല
X

ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മല്‍സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് തിരിച്ചടി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പിസിബിയുടെ ആവശ്യവും പിസിബി തലവന്‍ മുഹ്‌സിന്‍ നഖ്വിയുടെ ബഹിഷ്‌കരണ ഭീഷണിയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മല്‍സരത്തിന്റെ ടോസ് വേളയില്‍ പതിവ് ഹസ്തദാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒഴിവാക്കിയിരുന്നു. മല്‍സരത്തിന് ശേഷം ഇരു ടീമുകളിലെയും താരങ്ങള്‍ പരസ്പരം കൈകൊടുത്താണ് പിരിയാറുള്ളതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അതിന് തയ്യാറാവാതെ ഡ്രസ്സിങ് റൂമിലേക്ക് പോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്.

ഇന്ത്യന്‍ ക്യാപ്റ്റന് കൈകൊടുക്കരുതെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് ആവശ്യപ്പെട്ടിരുന്നതായി മല്‍സരത്തിന് ശേഷം പിസിബി ആരോപിച്ചിരുന്നു. മല്‍സരത്തിന് മുമ്പും ശേഷവും ഹസ്തദാനത്തിന് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച്് സമ്മാനദാന ചടങ്ങ് പാക് ക്യാപ്റ്റന്‍ ബഹിഷ്‌കരിച്ചിരുന്നു. ക്രിക്കറ്റിന്റെ ആത്മാവും അന്തസും കളങ്കപ്പെടുത്തുന്ന നടപടിയാണ് മാച്ച് റഫറിയില്‍ നിന്ന് ഉണ്ടായതെന്നും പൈക്രോഫ്റ്റിനെ പുറത്താക്കണമെന്നും പിസിബി ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.

ഹസ്തദാന വിവാദത്തില്‍ പൈക്രോഫ്റ്റിന് കാര്യമായ പങ്കില്ലെന്നാണ് ഐസിസി വ്യക്തമാക്കുന്നത്.ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ മാച്ച് റഫറിയെ മാറ്റുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നാണ് ഐസിസിയുടെ അഭിപ്രായമെന്നും ക്രിക്ക്ബസ് റിപോര്‍ട്ടില്‍ പറയുന്നു. പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കില്‍ യുഎഇക്കെതിരായ ഏഷ്യാ കപ്പ് മല്‍സരം ബഹിഷ്‌കരിക്കുമെന്ന് പിസിബി ഭീഷണിപ്പെടുത്തിയിരുന്നു. ഏഷ്യ കപ്പില്‍ സെപ്റ്റംബര്‍ 17ന് യുഎഇക്കെതിരേയാണ് പാകിസ്താന്റെ അടുത്ത മല്‍സരം. ഈ മല്‍സരത്തിലും പൈക്രോഫ്റ്റാണ് മാച്ച് ഒഫീഷ്യല്‍. സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മല്‍സരം ജയിക്കേണ്ടതുണ്ട്.




Next Story

RELATED STORIES

Share it