Cricket

ലോകകപ്പിനുള്ള യു എസ് ടീമിലെ പാക് വംശജര്‍ക്ക് ഇന്ത്യന്‍ വിസ നിഷേധിച്ചെന്ന് ആരോപണം

ലോകകപ്പിനുള്ള യു എസ് ടീമിലെ പാക് വംശജര്‍ക്ക് ഇന്ത്യന്‍ വിസ നിഷേധിച്ചെന്ന് ആരോപണം
X

വാഷിങ്ടന്‍: ട്വന്റി-20 ലോകകപ്പിനുള്ള യുഎസ് ക്രിക്കറ്റ് ടീമിലെ പാകിസ്താന്‍ വംശജരായ നാല് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതായി ആരോപണം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതിനായി താരങ്ങള്‍ നല്‍കിയ വിസ അപേക്ഷ നിരസിച്ചതായാണ് ആരോപണം. ഫെബ്രുവരി 7ന് ഇന്ത്യയും യുഎസും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം. തന്റെ വിസ അപേക്ഷ നിരസിച്ചതായി യുഎസ് താരമായ അലി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

''ഇന്ത്യ വിസ നിഷേധിച്ചു, പക്ഷേ വിജയത്തിനായി കെഎഫ്സി'' എന്ന അടിക്കുറിപ്പോടെ ഒരു സഹതാരത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് പാകിസ്താനിലെ പഞ്ചാബില്‍ ജനിച്ച 35 വയസ്സുകാരനായ അലി ഖാന്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കി ഒരു വിഡിയോയും അലി ഖാന്‍ പങ്കുവച്ചു. ''അതെ, പാകിസ്താന്‍ വംശജരായ കളിക്കാര്‍ക്ക് ഇന്ത്യന്‍ വീസ നിഷേധിച്ചത് ശരിയാണ്. അതായത് ഞങ്ങള്‍ക്ക് ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.'' താരം പറഞ്ഞു. അലി ഖാനെ കൂടാതെ യുഎസ് ടീമിലെ അംഗങ്ങളായ ഷയാന്‍ ജഹാംഗീര്‍, മുഹമ്മദ് മൊഹ്സിന്‍, എഹ്സാന്‍ ആദില്‍ എന്നീ പാക്ക് വംശജരുടെ വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യം ഐസിസി വൃത്തങ്ങള്‍ നിഷേധിച്ചു. പാക്ക് വംശജരായ യുഎസ് താരങ്ങളുടെ വിസ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യുഎസ് ടീം നിലവില്‍ ശ്രീലങ്കയിലാണ്. എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വിസ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഐസിസി വൃത്തം ക്രിക്ക്ബസിനോടു പറഞ്ഞു.

യുഎസ്എയ്ക്ക് പുറമേ, യുഎഇ, ഒമാന്‍, നേപ്പാള്‍, കാനഡ, ഇംഗ്ലണ്ട്, സിംബാബ്വെ, നെതര്‍ലാന്‍ഡ്സ് എന്നീ ടീമുകളില്‍ നിന്നുള്ള എല്ലാ പാകിസ്താന്‍ വംശജരായ കളിക്കാര്‍ക്കും സമാനമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും അവര്‍ പറഞ്ഞു. യുഎസ് ടീമിലെ പാക്ക് വംശജര്‍, നിലവില്‍ യുഎസ് പൗരന്മാരാണെങ്കിലും ഇവര്‍ ജനിച്ചത് പാകിസ്താനിലാണ്. ഇന്ത്യയിലെ വിസ നിയമങ്ങള്‍ പ്രകാരം, പാകിസ്താനില്‍ ജനിച്ച എല്ലാവരും അവരുടെ ജന്മനാട്ടിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയ്ക്ക് അപേക്ഷിക്കണം. ഇതാണ് ആദ്യ ഘട്ടത്തില്‍ താരങ്ങള്‍ക്ക് തിരിച്ചടിയായതെന്നാണ് വിവരം. ഷെയ്ഖുപുരയില്‍ ജനിച്ച ആദില്‍ ഖാന്‍, 2013നും 2015നും ഇടയില്‍ പാകിസ്താന് വേണ്ടി മൂന്നു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പാണ് താരം യുഎസിലേക്കു കുടിയേറിയത്.




Next Story

RELATED STORIES

Share it