ഹിന്ദുക്കള്‍ ഒന്നിക്കണം; ഒറ്റയ്ക്ക് നിന്നാല്‍ സിംഹമായാലും കാട്ടുനായ്ക്കള്‍ ആക്രമിക്കും- ആര്‍എസ്എസ് മേധാവിഷിക്കാഗോ: ഐക്യമില്ലാത്തത് കാരണം ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സിംഹമാണെങ്കിലും ഒറ്റയ്ക്ക് നിന്നാല്‍ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ചു കൊല്ലാന്‍ സാധിക്കുമെന്നും ഭാഗവത് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച്ച അമേരിക്കയിലെ ഷിക്കാഗോയില്‍ രണ്ടാമത്‌
ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളെ ഒരുമിപ്പിച്ച് നിര്‍ത്തുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് ഭാഗവത് പറഞ്ഞു. തുടക്ക കാലത്ത് ആര്‍എസ്എസ് പ്രതിനിധികള്‍ പ്രമുഖ ഹിന്ദു നേതാക്കളെ സന്ദര്‍ശിച്ച് ഒരുമിക്കേണ്ട കാര്യം പറഞ്ഞപ്പോള്‍, സിംഹങ്ങള്‍ ഒരിക്കലും ഒരുമിച്ച് നടക്കാറില്ലെന്നായിരുന്നു മറുപടി. എന്നാല്‍, സിംഹമായാലും കാട്ടുരാജാവായ ബംഗാള്‍ കടുവയായാലും ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ക്ക് അതിക്രമിച്ചു കയറാനും നശിപ്പിക്കാനും സാധിക്കും- ഭാഗവത് പറഞ്ഞു.

ഒരുമിച്ച് ചിന്തിക്കുക, ധീരമായി പ്രവര്‍ത്തിക്കുക എന്ന മഹാഭാരതത്തെ ആസ്പദമാക്കിയുള്ള തീമിലാണ് ഇത്തവണ ലോക ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. കീടങ്ങളെ പോലും കൊല്ലരുത്, എന്നാല്‍ അവയെ നിയന്ത്രിക്കണം എന്നാണ് ഹിന്ദുധര്‍മം പറയുന്നതെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

അതേ സമയം, ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. നായ്ക്കളെന്ന് വിളിച്ച് മറ്റുള്ളവരെ ആര്‍എസ്എസ് താഴ്ത്തിക്കെട്ടുകയാണെന്നും സ്വയം സിംഹങ്ങളാണെന്ന് നടിക്കുകയാണെന്നും മജ്്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഇതാണ് ആര്‍എസ്എസിന്റെ ഭാഷ. ജനങ്ങള്‍ അത് തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെയാണ് ഭാഗവത് നായ്ക്കളെന്ന് വിളിച്ചതെന്ന് ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസും എന്‍സിപിയും ആര്‍എസ്എസ് നിലപാടിനെ അപലപിച്ചു.

അവര്‍ ഹിന്ദുവിരുദ്ധരാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. അവര്‍ക്ക് ജാതി രാഷ്ട്രീയം കളിക്കാനേ അറിയൂ. അവര്‍ ജാതി രാഷ്ട്രീയക്കളി അവസാനിപ്പിക്കുന്ന ദിവസം എല്ലാ ഹിന്ദുക്കളും മറ്റു മതക്കാരും ഒരുമിക്കുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

മറ്റു ജാതികളോടും മതങ്ങളോടും വെറുപ്പും വിദ്വേഷവും എന്നതാണ് ആര്‍എസ്എസ് നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ദ് അഭിപ്രായപ്പെട്ടു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top