Pravasi

ആരും പട്ടിണി കിടക്കരുത്; യുഎഇയില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന വന്‍ പദ്ധതി പ്രഖ്യാപിച്ചു

ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് റമളാനോട് അനുബന്ധിച്ച്, ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്

ആരും പട്ടിണി കിടക്കരുത്; യുഎഇയില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന വന്‍ പദ്ധതി പ്രഖ്യാപിച്ചു
X

ദുബൈ: റമളാനിലും കൊവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിച്ച് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി യുഎഇയില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന വന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെയും സ്വദേശികളിലെ കുറഞ്ഞ വരുമാനക്കാരെയും ലക്ഷ്യമിട്ടാണ് ഈ ജനകീയ പദ്ധതി.

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് റമളാനോട് അനുബന്ധിച്ച്, ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിക്കുന്നവരെ, ലക്ഷ്യമിട്ട് കൂടിയാണ് ഗള്‍ഫിലെ ഏറ്റവും വലിയ ഈ ജനകീയ പരിപാടി. ഇപ്രകാരം, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും പദ്ധതി വഴി സഹായിക്കും. യുഎഇ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഭക്ഷ്യ വിതരണ സഹായ പദ്ധതി കൂടിയാണിത്. യുഎഇ ഫുഡ് ബാങ്കുമായി സഹകരിച്ച്, 10 മില്യണ്‍ മീല്‍സ് എന്ന പേരിലാണ് ഇത് അറിയപ്പെടുക.

യുഎഇ ഫുഡ് ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സണും ശെയ്ഖ് മുഹമ്മദിന്റെ ഭാര്യയുമായ ശെയ്ഖാ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം ഈ റമളാന്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കും. ഇതിനായി, രാജ്യത്തെ രണ്ടു ടെലികോം കമ്പനികളായ എത്തിസലാത്ത്, ഡു വഴി സംഭാവനകള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, ബിസിനസുകാര്‍, സംരംഭകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരും പദ്ധതിയുമായി സഹകരിക്കും.

കൊവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും വലിയ ആശ്വാസകരമാകുന്ന പദ്ധതിയാണിത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സോഷ്യല്‍ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇന്നിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) ഈ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കും.

Next Story

RELATED STORIES

Share it