Pravasi

കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി

ഇറാനില്‍ കുടുങ്ങി കിടന്ന കുവൈറ്റികളെ എത്തിക്കുന്നതിന് കുവൈത്ത് എയര്‍വേയ്‌സിന്റെ 6 വിമാനങ്ങളാണു കഴിഞ്ഞ ശനിയാഴ്ച ഇറാനിലേക്ക് പുറപ്പെട്ടത്.

കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി
X

കുവൈത്ത് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നു. രാജ്യത്ത് ആദ്യമായി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 24 മണിക്കൂറിനകം 3 ഘട്ടങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം 8 ആയി ഉയര്‍ന്നിരിക്കുകയാണു. ഇത് വരെ വൈറസ് ബാധയേറ്റ എട്ടു പേരും ഇറാനില്‍ നിന്നും കുവൈറ്റ് എയര്‍വേയ്‌സിന്റെ ഒരേ വിമാനത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിയ 126 യാത്രക്കരില്‍പെട്ടവരാണു.

ഇറാനില്‍ കുടുങ്ങി കിടന്ന കുവൈറ്റികളെ എത്തിക്കുന്നതിന് കുവൈത്ത് എയര്‍വേയ്‌സിന്റെ 6 വിമാനങ്ങളാണു കഴിഞ്ഞ ശനിയാഴ്ച ഇറാനിലേക്ക് പുറപ്പെട്ടത്. ഇറാനിലെ വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം രോഗ ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തവരെയാണു ആദ്യത്തെ 5 വിമാനങ്ങളില്‍ രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്. ഇവരെ കുവൈറ്റ് വിമാന താവളത്തില്‍ വെച്ചും പരിശോധനക്ക് വിധേയമാക്കിയ ശേഷമാണു രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു വിധേയമാക്കണമെന്ന നിബന്ധനയില്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചയച്ചത്.

എന്നാല്‍ കുവൈറ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഇറാനില്‍ വെച്ച് നടത്തിയ പരിശോധനയില്‍ രോഗം സംശയിക്കപ്പെടുന്നവര്‍ അടക്കമുള്ള 126 പേരാണു അവസാന വിമാനത്തില്‍ എത്തിയത്. കുവൈറ്റ് വിമാന താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ ഈ സംഘത്തിലെ 3 പേര്‍ക്ക് രോഗ ബാധ കണ്ടെത്തിയിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന ഇവരില്‍ നിന്നു തന്നെയാണു തുടര്‍ന്നുള്ള 5 പേരുടെയും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വേണ്ടത്ര രോഗ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ ഒരേ വിമാനത്തില്‍ സഞ്ചരിച്ച 126 യാത്രക്കാരിലും വൈറസ് പടരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണു രോഗ ബാധിതരുടെ എണ്ണം വരും മണിക്കൂറുകളില്‍ ഇനിയും വര്‍ദ്ധിച്ചേക്കുമെന്ന ആശങ്ക ഉയരുന്നത്.




Next Story

RELATED STORIES

Share it