Gulf

കുവൈത്തില്‍ താല്‍ക്കാലിക വിസ അനുവദിക്കുമ്പോള്‍ സിവില്‍ ഐഡി കാര്‍ഡില്‍ അടയാളപ്പെടുത്തും

കാലാവധിയുള്ള വിസ റദ്ദുചെയ്തശേഷം താല്‍ക്കാലിക വിസയോ, എക്‌സിറ്റ് വിസയോ നേടി നിലവിലുള്ള സിവില്‍ ഐഡി കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണു പുതിയ നടപടി.

കുവൈത്തില്‍ താല്‍ക്കാലിക വിസ അനുവദിക്കുമ്പോള്‍ സിവില്‍ ഐഡി കാര്‍ഡില്‍ അടയാളപ്പെടുത്തും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക വിസ, എക്‌സിറ്റ് വിസ മുതാലയവ അനുവദിക്കുന്ന വേളകളില്‍ ഇനി മുതല്‍ അപേക്ഷകരുടെ സിവില്‍ ഐഡി കാര്‍ഡില്‍ ദ്വാരമിട്ട് അടയാളപ്പെടുത്തും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസാം അല്‍നിഹാം രാജ്യത്തെ മുഴുവന്‍ പാസ്‌പോര്‍ട്ട് കാര്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കാലാവധിയുള്ള വിസ റദ്ദുചെയ്തശേഷം താല്‍ക്കാലിക വിസയോ, എക്‌സിറ്റ് വിസയോ നേടി നിലവിലുള്ള സിവില്‍ ഐഡി കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണു പുതിയ നടപടി.

മന്ത്രാലയത്തിലെ ചില വകുപ്പുകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ കംപ്യൂട്ടര്‍ സംവിധാനത്തില്‍ വിസ റദ്ദുചെയ്യുന്നവരുടെ സിവില്‍ ഐഡി കാര്‍ഡ് റദ്ദുചെയ്യാന്‍ സാധിക്കുന്നതല്ല. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയതിനാല്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടിനു പുറമേ സിവില്‍ ഐഡി കാര്‍ഡും യാത്രാരേഖയായി നിര്‍ബന്ധമാക്കിയിരുന്നു. ഇക്കാരണത്താല്‍ കാലാവധിയുള്ള വിസ റദ്ദുചെയ്ത ശേഷം താല്‍ക്കാലിക വിസയോ അല്ലെങ്കില്‍ എക്‌സിറ്റ് വിസയോ നേടുന്നവര്‍ കാലാവധിയുള്ള നിലവിലെ സിവില്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു.

ഇതിനു പുറമേ ഇത്തരം സിവില്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മൊബയില്‍ ഫോണ്‍ കമ്പനികളിലും തവണവ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തുന്ന സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സാധ്യതകള്‍ തടയുന്നതിനുവേണ്ടിയാണു പുതിയ സമ്പ്രദായം നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം ദ്വാരമിട്ട് അടയാളപ്പെടുത്തിയ സിവില്‍ ഐഡി കാര്‍ഡുകള്‍ അസാധുവായിരിക്കും. ഇവയുടെ ദുരുപയോഗം കനത്ത ശിക്ഷാര്‍മായ കുറ്റകൃത്യമായി കണക്കാക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ സമ്പ്രദായം കര്‍ശനമായി നടപ്പാക്കണമെന്നും ഇസാം അല്‍നിഹാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it