Gulf

കേന്ദ്ര ബജറ്റിനെ കുറിച്ച് വ്യവസായ ലോകത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു

ബജറ്റ് സന്തുലിതം, ജനസൗഹൃദപരം: എം എ യൂസുഫലി

കേന്ദ്ര ബജറ്റിനെ കുറിച്ച് വ്യവസായ ലോകത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു
X

ബജറ്റ് സന്തുലിതം, ജനസൗഹൃദപരം: എം എ യൂസുഫലി


ദുബയ്: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് നിലവിലെ സാഹചര്യത്തില്‍ സന്തുലിതവും ജനസൗഹൃദപരവുമാണെന്ന് ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി പറഞ്ഞു. വ്യത്യസ്ത നികുതി പരിഷ്‌കാരങ്ങളും ബാങ്കിങ് മേഖലയിലെ സുതാര്യതയും തീര്‍ച്ചയായും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപൂര്‍വം മുന്നോട്ട് നയിക്കുന്നതായിരിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ ഒരു ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാനുള്ള നീക്കം ഇന്നത്തെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതായിരിക്കും. ഐടി സീലിങ് വര്‍ധന നിശ്ചയമായും ഉപഭോക്താക്കള്‍ ചെലവാക്കുന്നതില്‍ ഊര്‍ജസ്സ്വലത കൊണ്ടുവരും. റീടെയില്‍ ഷോപിങ് മേഖലയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്വാഗതാര്‍ഹമായ നടപടിയാണ്. കൃഷി, കര്‍ഷക ക്ഷേമം, അടിസ്ഥാന വികസനം, ബാങ്കിങ് മേഖല എന്നിവയില്‍ ദീര്‍ഘകാലത്തേക്ക് സക്രിയ മാറ്റങ്ങള്‍ക്കിടയാക്കുന്നതാവും ഈ ബജറ്റെന്നത് പ്രധാനകാര്യം തന്നെയാണെന്നും യൂസുഫലി നിരീക്ഷിച്ചു.


പുരോഗമനപരം, വികസനത്തിന് ആക്കം നല്‍കും: ഡോ. ബി ആര്‍ ഷെട്ടി


ദുബയ്: 2019ലെ ഇടക്കാല ബജറ്റ് പുരോഗമനപരവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തുടര്‍ വികസനത്തിന് ആക്കം നല്‍കുന്നതുമായിരിക്കുമെന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍, യുഎഇ എക്‌സ്‌ചേഞ്ച്, ഫിനാബഌ ഗ്രൂപ് എന്നിവയുടെ ചെയര്‍മാന്‍ ഡോ. ബി ആര്‍ ഷെട്ടി അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം അടക്കി നിര്‍ത്തല്‍, സാമ്പത്തിക നടപ്പു ധനക്കമ്മി നിയന്ത്രണം, ഭരണ നടത്തിപ്പില്‍ സുതാര്യത കൊണ്ടുവരല്‍, പാപ്പരത്ത നിയമം അവതരിപ്പിക്കല്‍, ഗാര്‍ഹിക വാതകവൈദ്യുതി കണക്ഷനുകള്‍, സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കല്‍ എന്നിവ ഇന്നത്തെ സര്‍ക്കാറിന്റെ ചില നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരെയും മത്സ്യമേഖലയെയും മൃഗ സംരക്ഷണത്തെയും സഹായിക്കാനുള്ള തീരുമാനം അധിക പിന്തുണ എന്ന നിലക്ക് താഴ്ന്ന വരുമാനക്കാരുടെ ജീവിതം തീര്‍ച്ചയായും മാറ്റി മറിക്കും. ഒരു കര്‍ഷകനെന്ന നിലയില്‍ കാര്‍ഷിക സമൂഹത്തെ പിന്തുണക്കാനുള്ള നടപടികളില്‍ താന്‍ സുന്തുഷ്ടനാണെന്ന് ഷെട്ടി വ്യക്തമാക്കി. അതേസമയം തന്നെ, ആദായ നികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തിയത് 3 കോടി ജനങ്ങളെ നികുതിയടക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ്. രണ്ടാമതൊരു വീടെന്ന സ്വയാര്‍ജിത ഭവനം ഉദ്ദിഷ്ട വാടകയില്‍ ഉള്‍പ്പെടില്ലെന്നത് നിര്‍ണായക പടിയാണ്. ഉദ്ദിഷ്ട വാടക കരമായി ചുമത്തുന്നതിന് ഡെവലപര്‍മാര്‍ക്ക് പദ്ധതി പൂര്‍ത്തിയായി 2 വര്‍ഷം എന്ന കാലയളവ് അനുവദിച്ചത് മറ്റൊരു സുപ്രധാന ചിന്തയാണ്. തൊഴില്‍ സൃഷ്ടിപ്പ്, ശുദ്ധമായ കുടിവെള്ളം, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, ജീവിത ഗുണനിലവാരം തുടങ്ങിയ പ്രധാനമന്ത്രിയുടെ 2030 വിഷനിലെ 10 പ്രധാനപ്പെട്ട തലങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിജി മറ്റു രാജ്യങ്ങളുമായി മികച്ച നിലയാണ് കൈവരിച്ചിട്ടുള്ളത്. യുഎഇഇന്ത്യന്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായി മാറിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ വിശേഷിച്ചും. ഒരു ദീര്‍ഘകാല പ്രവാസി എന്ന നിലയില്‍, ഇന്ത്യ വിവിധ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുവെന്ന ശക്തമായ മനഃസ്ഥിതിയെ പ്രചോദനാത്മകം എന്നു വിശേഷിപ്പിച്ച ബി.ആര്‍ ഷെട്ടി, ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങള്‍ കരുത്തുറ്റതാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.


സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജമാകും: പ്രമോദ് മങ്ങാട്ട്


ദുബയ്: 2019ലെ ഇടക്കാല ബജറ്റിന്റെ മിക്ക ഭാഗവും മധ്യവര്‍ഗത്തിലും ഗ്രാമീണ ജനസംഖ്യയിലും കാര്‍ഷിക മേഖലയിലും ഊന്നലുള്ളതാണെന്ന് ഫിനാബഌ ഗ്രൂപ് എക്‌സി.ഡയറക്ടറും സിഇഒയും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ് സിഇഒയുമായ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു. സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജമാകുന്ന വിധത്തില്‍ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള വഴികള്‍ വ്യക്തമായും തേടുന്നതാണീ ബജറ്റ്. മൂലധന വിഹിതങ്ങളിലും ആദായ നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചത് ഇക്കാര്യത്തില്‍ ഗുണകരമായി മാറും. അടിസ്ഥാന വികസനം, ഡിജിറ്റൈസേഷന്‍, ഗ്രാമീണ വ്യവസായവത്കരണം തുടങ്ങിയ കാര്യങ്ങളിലെ ശ്രദ്ധയോടൊപ്പം 'വിഷന്‍ 2030' പ്രോഗ്രാമിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.


അതേസമയം, നികുതി പരിഷ്‌കാരങ്ങളായാലും നിക്ഷേപ ആനുകൂല്യങ്ങളായാലും ഇടക്കാല ബജറ്റില്‍ പ്രവാസി സമൂഹത്തിന് പ്രോത്സാഹജനകമായി കാര്യമായില്ല എന്നത് പ്രസ്താവ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കാര്‍ഷിക സമ്പദ് മേഖലക്ക് പ്രധാന്യം: അദീബ് അഹമ്മദ്


ദുബയ്: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് ഇടക്കാലമെന്നതിനാല്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതല്ലാത്ത സ്ഥിര സ്വഭാവത്തോട് കൂടിയുള്ളതാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്, ട്വന്റി 14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. കാര്‍ഷിക സമ്പദ് മേഖലക്കും പ്രതിരോധ ചെലവിനും അടിസ്ഥാന വികസനത്തിനും എംഎസ്എംഇകള്‍ക്കും ബജറ്റില്‍ നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. അഞ്ചു ലക്ഷം വരെ ആദായമുള്ളവര്‍ക്ക് നികുതി വേണ്ടതില്ലെന്നത് നല്ലൊരു തീരുമാനമാണ്. ഇന്ത്യന്‍ ജനസംഖ്യയിലെ വലിയ വിഭാഗത്തിന് അത് ഗുണം ചെയ്യും. അടുത്ത അഞ്ചു വര്‍ഷത്തിനകം കൂടുതല്‍ ഡിജിറ്റല്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തുമെന്നത് സ്വാഗതം ചെയ്യുന്നു. ഭരണ ആദാനങ്ങളിലും സ്വകാര്യ മേഖലയുടെ മുന്നേറ്റ നിലയിലുള്ള സേവനങ്ങളിലും ഡിജിറ്റല്‍ മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ പരിവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


തിരഞ്ഞെടുപ്പില്‍ കണ്ണ് വച്ചുള്ള ബജറ്റ്: കെ വി ഷംസുദ്ദീന്‍


ദുബയ്: 2019ലെ ഇടക്കാല ബജറ്റ് തിരഞ്ഞെടുപ്പില്‍ കണ്ണ് വച്ചുള്ളതാണെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ സാമ്പത്തിക നിരീക്ഷകനുമായ കെ വി ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് ആനുകൂല്യവും നിര്‍ധനര്‍ക്ക് ഗുണകരമായ നിലയും വാഗ്ദാനം ചെയ്യുന്നതാണ് ബജറ്റ് നിര്‍ദേശം. അതേസമയം തന്നെ, താഴെ പറയുന്ന ചില നേട്ടങ്ങളില്‍ സര്‍ക്കാറിനെ അഭിനന്ദിക്കേണ്ടതുണ്ട്. ധനക്കമ്മി 3.4% ആയി. നടപ്പു ധനക്കമ്മി ഇക്കൊല്ലം ജിഡിപിയുടെ 2.5% ആകും. നികുതി ശേഖരണം 6.38 ലക്ഷം കോടിയില്‍ നിന്നും 12 ലക്ഷം കോടിയിലേക്ക് വര്‍ധിച്ചു. പ്രതിമാസ ജിഎസ്ടി ശേഖരണം ജനുവരിയില്‍ ഒരു ലക്ഷം കോടിയായി. രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ 'പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി' മുഖേന പ്രതിവര്‍ഷം മൂന്ന് തവണകളിലായി 6000 രൂപ നിക്ഷേപിക്കും. കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകും. അനൗപചാരിക മേഖലയിലുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്തത് താഴ്ന്ന വരുമാനക്കാര്‍ക്ക് മറ്റൊരു കൈത്താങ്ങാണ്. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയിലുള്ളവര്‍ക്ക് ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, കര്‍ഷകരുടെ വായ്പകള്‍ സംബന്ധിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല. കുന്നു കൂടുന്ന കടക്കെണിയില്‍ പെട്ട് ദിനേനയെന്നോണം നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. സര്‍ക്കാര്‍ അവരുടെ വായ്പ എഴുതിത്തള്ളണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


പ്രവാസികള്‍ക്ക് വകയിരുത്തലില്ലെങ്കിലും സ്വാഗതാര്‍ഹം: പി കെ സജിത് കുമാര്‍


ദുബയ്: കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് നേരിട്ട് വകയിരുത്തലില്ലെങ്കിലും സ്വാഗതാര്‍ഹമാണെന്ന് പ്രമുഖ സാമ്പത്തിക സംരംഭകനും ഐബിഎംസി മാനേജിങ് ഡയറക്ടറുമായ പി കെ സജിത് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭവന നിര്‍മാണ മേഖലയില്‍ കുതിപ്പുണ്ടാവും. മധ്യഇടത്തരം വര്‍ഗങ്ങളുടെ ജീവിത നിലവാരം ഉയരും. അഞ്ചു ലക്ഷംവരെ വരുമാന നികുതി ഒഴിവാക്കിയത് ഗുണകരമാണ്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുന്നത് ആശ്വാസകരമാണ്. 2022ന് മുന്‍പ് ശുചിത്വആരോഗ്യ ഭാരതം കെട്ടിപ്പടുക്കാന്‍ വിഭാവനം ചെയ്യുന്ന ബജറ്റാണിതെന്നും സജിത് കുമാര്‍ വ്യക്തമാക്കി.


ഗ്രാമങ്ങള്‍ക്ക് നാഗരിക അടിസ്ഥാന സൗകര്യങ്ങള്‍: രാജു മേനോന്‍


ദുബയ്: 2019ലെ ഇടക്കാല ബജറ്റ് നല്ലതെന്ന തോന്നലുളവാക്കുന്നതാണെന്ന് ക്രെസ്റ്റണ്‍ മേനോന്‍ കമ്പനി ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ രാജു മേനോന്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ ഓരോ വിഭാഗത്തെയും ഇതിലുള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയത്തിന്റെയും ഛായയില്‍ നിന്ന് അകന്ന് നിന്ന് വീക്ഷിച്ചാല്‍, ഇത് കര്‍ഷകരെ ഉത്തേജിപ്പിക്കുന്നതാണ്. ശമ്പളം വാങ്ങി ജീവിക്കുന്ന സാധാരണക്കാരെയും സ്റ്റാര്‍ട്ടപ്പുകാരെയും ഒരുപോലെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഗ്രാമങ്ങള്‍ക്ക് നാഗരിക അടിസ്ഥാന സൗകര്യങ്ങളുണ്ടാവുകയെന്നത് നിരവധി വര്‍ഷങ്ങളായുള്ള സ്വപ്നമാണ്. ഇതിപ്പോള്‍ ഈ ബജറ്റിലുണ്ട് അദ്ദേഹം പറഞ്ഞു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയ പരിഷ്‌കരിക്കുമെന്നത് ഇന്നത്തെ ഇലക്‌ട്രോണിക് യുഗത്തില്‍ മഹത്തായ നീക്കമാണ്. ഇതുകൊണ്ടുള്ള നേട്ടം, അപേക്ഷകര്‍ക്ക് തങ്ങളുടെ റിട്ടേണ്‍സ് ഓണ്‍ലൈനില്‍ സ്വയം സമര്‍പ്പിക്കാനാകുന്നുവെന്നതാണ്. പരിശോധന ആവശ്യമില്ലെില്‍ 24 മണിക്കൂറിനകം അസ്സെസ്സ്‌മെന്റ് സംഭവിക്കുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗില്‍ അതേ ദിവസം റീഫണ്ട് ക്രെഡിറ്റുകള്‍ നടക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it