Gulf

സിംഗിള്‍ വിന്‍ഡോ സംവിധാനം സുപ്രധാന ചുവടുവയ്പ്പ്: നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി

ബിസിനസ് കോണ്‍ക്ലേവ് കേരള വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

സിംഗിള്‍ വിന്‍ഡോ സംവിധാനം സുപ്രധാന ചുവടുവയ്പ്പ്: നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി
X

ദോഹ: 18 സര്‍ക്കാര്‍ ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സിംഗിള്‍ വിന്‍ഡോ സംവിധാനം ഖത്തറിനെ വ്യാപാര സൗഹൃദ രാജ്യമാക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണെന്ന് സിംഗിള്‍ വിന്‍ഡോ ഡയറക്ടര്‍ നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി. ഖത്തറിലും കേരളത്തിലുമുള്ള ബിസിനസ് സാധ്യതകളും സര്‍ക്കാര്‍ നയങ്ങളും പരിചയപ്പെടുത്താന്‍ കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച ദ്വിദിന ബിസിനസ് കോണ്‍ക്ലേവിന്റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകര്‍ക്ക് ഓഫിസുകള്‍ കയറിയിറങ്ങാതെ മൂന്നുദിവസം കൊണ്ട് ലൈസന്‍സ് സംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ സാധിക്കും. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സംവിധാനം സിംഗിള്‍ വിന്‍ഡോയെ കൂടുതല്‍ കാര്യക്ഷമമാക്കി. ജനുവരി ഒന്നുമുതല്‍ ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈനിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് കോണ്‍ക്ലേവ് കേരള വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യാപാര സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ സംസാരിച്ചു. തുടര്‍ന്ന് പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയില്‍ ഖത്തറിലെ ബിസിനസ് സാധ്യതകളും വ്യാപാര സൗഹൃദമാക്കുന്നതിന് ഖത്തര്‍ സ്വീകരിച്ചുവരുന്ന നടപടികളും വിശദീകരിച്ചു.

മലയാളികളായ വ്യവസായികള്‍ ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ബിസിനസ് ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഡയറക്ടര്‍ ഹമദ് അല്‍ അബ്ദാന്‍ പറഞ്ഞു. പൂര്‍ണമായും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള 24 കമ്പനികള്‍ ഖത്തറിലുണ്ടെന്ന് ഖത്തര്‍ ഫിനാല്‍ഷ്യല്‍ സെന്റര്‍ ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ജഹാന്‍ഗീര്‍ ബര്‍ഹോനോവ് വ്യക്തമാക്കി. ഡോ. ആര്‍ സീതാരാമന്‍ ചര്‍ച്ച നിയന്ത്രിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ്, ഐബിപിസി പ്രസിഡന്റ് അസീം അബ്ബാസ്, കെബിഎഫ് ഖജാഞ്ചി ഫാസില്‍ ഹമീദ് സംസാരിച്ചു.




Next Story

RELATED STORIES

Share it