Gulf

പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്

പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്
X

തിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് പ്രവാസി കേരളക്ഷേമ ആക്ടില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസി കേരളീയരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ഡിവിഡന്റ്് നല്‍കുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്.


മറ്റു തീരുമാനങ്ങള്‍

  • ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി കേരള സര്‍വ്വകലാശാലാ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.ജെ പ്രഭാഷിനെ നിയമിക്കും.
  • തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ മുതല്‍ കുഴിവിള വരെയുളള റോഡിന് 'സതേണ്‍ എയര്‍ കമാന്റ് റോഡ്' എന്നും പുലയനാര്‍കോട്ട മുതല്‍ ശ്രീകാര്യം വരെയുളള റോഡിന് 'വ്യോമസേന റോഡ്' എന്നും പേരിടുന്നതിന് അനുമതി നല്‍കി.
  • മല്‍സ്യത്തൊഴിലാളികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്ന് 2008 ഡിസംബര്‍ 31 വരെ എടുത്ത വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി 2019 ഡിസംബര്‍ 31 വരെ നീട്ടും.
  • ആലപ്പുഴ ജില്ലയിലെ ആല, പുളിയൂര്‍, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്‍മണി എന്നീ പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിക്കും വേണ്ടിയുളള സമഗ്രകുടിവെള്ള പദ്ധതി കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. 200 കോടി രൂപയാണ് പദ്ധതി ചെലവ്.
  • കോട്ടയം ഗവ.കോളജിലെ കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വകുപ്പില്‍ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളില്‍ അസി.പ്രഫസര്‍മാരുടെ ഓരോ തസ്തിക സൃഷ്ടിക്കും.
  • വിയ്യൂര്‍, കണ്ണൂര്‍, ചീമേനി ജയില്‍ വളപ്പുകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിന് ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി നിബന്ധനകള്‍ക്ക് വിധേയമായാണ് ഭൂമി കൈമാറുക.
  • ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍മാരുടെ മാസവേതനം 1,20,000 രൂപയായും സീനിയര്‍ ഗവ.പ്ലീഡര്‍മാരുടെ വേതനം 1,10,000 രൂപയായും ഗവ.പ്ലീഡര്‍മാരുടെ വേതനം 1,00,000 രൂപയായും വര്‍ധിപ്പിക്കും.
  • പുതുതായി ആരംഭിക്കുന്ന കുന്നമംഗലം സബ് ട്രഷറിയില്‍ സബ് ട്രഷറി ഓഫീസറുടെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും സെലക്ഷന്‍ ഗ്രേഡ് അക്കൗണ്ടന്റിന്റെയും ഓഫീസ് അറ്റന്‍ഡന്റിന്റെയും ഓരോ തസ്തികയും അക്കൗണ്ടന്റിന്റെ രണ്ടു തസ്തികയും സൃഷ്ടിക്കും.
  • ഹരിയാനയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ജവാന്‍ (3 എഞ്ചിനിയേഴ്‌സ് റെജിമെന്റ്) പി കെ പ്രദീപിന്റെ ഭാര്യ സി സുജിതയ്ക്ക് പ്രത്യേക കേസായി പരിഗണിച്ച് മലപ്പുറം ജില്ലയില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും.

Next Story

RELATED STORIES

Share it