വൈദ്യശാസ്ത്ര പ്രവണതകളെ ക്രിയാത്മകമായി സമീപിക്കണം: ഡോ.മുഹമ്മദലി അല്‍ബാര്‍

ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദൈ്വമാസപ്രഭാഷണ പരിപാടിയില്‍ 'ഇസ്‌ലാമിക അധ്യാപനങ്ങളും വൈദ്യശാസ്ത്രവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്ര പ്രവണതകളെ ക്രിയാത്മകമായി സമീപിക്കണം: ഡോ.മുഹമ്മദലി അല്‍ബാര്‍

ജിദ്ദ: ആധുനികവൈദ്യശാസ്ത്രരംഗത്തെ പുത്തന്‍പ്രവണതകളെ ക്രിയാത്മകമായി സമീപിക്കണമെന്നും ഇസ്‌ലാമിന് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അന്താരാഷ്ട്ര പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും വൈദ്യശാസ്ത്ര വിദഗ്ധനുമായ ഡോ. മുഹമ്മദലി അല്‍ബാര്‍ അഭിപ്രായപ്പെട്ടു. ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദൈ്വമാസപ്രഭാഷണ പരിപാടിയില്‍ 'ഇസ്‌ലാമിക അധ്യാപനങ്ങളും വൈദ്യശാസ്ത്രവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാന്തരത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രപ്രശ്‌നങ്ങളെ ധാര്‍മികമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമീപിക്കണമെന്ന് സദസ്സുമായി സംവദിക്കവെ അല്‍ബാര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നൂറ്റാണ്ടുകളായി ഇസ്‌ലാമിക പണ്ഡിതലോകം നിരവധി ഫത്‌വ (മതവിധി) കള്‍ നല്‍കിയിട്ടുണ്ട്.

കൃത്രിമ ബീജസങ്കലനം, ഗര്‍ഭഛിദ്രം, മഷ്തിഷ്‌കമരണം തുടങ്ങിയ വിഷയങ്ങളിലുണ്ടായിട്ടുള്ള പുതിയ പ്രവണതകളും പ്രതിസന്ധികളും അദ്ദേഹം വിശദീകരിച്ചു. ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനിന്റെയും നബിവചനങ്ങളുടെയും അടിസ്ഥാനത്തില്‍ ധാര്‍മികവും നീതിശാസ്ത്രപരവുമായ നിലപാടാണ് സ്വീകരിക്കേണ്ടത്. ഗര്‍ഭഛിദ്രം ഉപാധികള്‍ക്ക് വിധേയമായി ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ പരിശോധനയിലൂടെ ബോധ്യമാവുകയാണെങ്കില്‍ മാതാവിന്റെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യം പരിഗണിച്ചുകൊണ്ട് നിയന്ത്രണവിധേയമായി മാത്രമേ ഗര്‍ഭഛിദ്രവിഷയത്തില്‍ തീരുമാനമെടുക്കാവൂ. എങ്കിലും ഗര്‍ഭധാരണത്തിനുശേഷം 120 ദിവസത്തിനു മുമ്പായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം അതിനുശേഷം ഗര്‍ഭസ്ഥശിശുവിന് ജീവനുണ്ടാവുകയും മനുഷ്യരൂപം പ്രാപിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനാല്‍ അത്തരമൊരവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് മനുഷ്യജീവന്‍ ഹനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.


പ്രതിമാസ, പ്രതിവാരപരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിന് ഈ രംഗത്തെ ലോകോത്തര വ്യക്തിത്വത്തിന് ആതിഥേയത്വമേവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജെഎന്‍എച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി പി മുഹമ്മദലി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ജെഎന്‍എച്ച് വൈസ് ചെയര്‍മാന്‍ അലി മുഹമ്മദലിയാണ് സദസ്സിനെ അഭിസംബോധന ചെയ്തത്. ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജെഎന്‍എച്ച് അക്കാദമിക് ആന്റ് ട്രെയ്‌നിങ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആമിന മുഹമ്മദലി, ജിജിഐ ട്രഷറര്‍ സിദ്ദീഖ് ഹസന്‍ ബാബു, പ്രശസ്ത ശിശുരോഗ വിദഗ്ധനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. എം എസ് കരിമുദ്ദീന്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹമദ്, ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, പ്രോഗ്രാം ചീഫ് കോ- ഓഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ പങ്കെടുത്തു. ഖാരിഅ് അബ്ദുല്ല മതീന്‍ ഉസ്മാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു.

RELATED STORIES

Share it
Top