Gulf

ദുബയിലും മാമ്പഴക്കാലം

ദുബയിലും മാമ്പഴക്കാലം
X

ദുബയ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മാമ്പഴം എത്താന്‍ തുടങ്ങിയതോടെ ദുബയിലും മാമ്പഴക്കാലം. മുന്‍വര്‍ഷത്തേക്കാള്‍ വന്‍ വിലക്കുറവിലാണ് ഇത്തവണ മാമ്പഴ വില്‍പന. മാമ്പഴം വളരെ കുറഞ്ഞ വിലക്ക് ലഭിക്കുന്നത് റമദാന് തയ്യാറെടുക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി ചന്തയായ അവീര്‍ മാര്‍ക്കറ്റിലാണ് വന്‍ വിലക്കുറവില്‍ മാമ്പഴ വില്‍പന നടക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും വരുന്ന അല്‍ഫോണ്‍സാ മാങ്ങക്ക് പെട്ടിക്ക് 15 ദിര്‍ഹം മുതലാണ് വില. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 50 ദിര്‍ഹമായിരുന്നു വിലയെന്ന് ഇന്ത്യന്‍ മാങ്ങകളുടെ മൊത്ത വില്‍പ്പനക്കാരായ ജലീല്‍ ട്രേഡിങിലെ ശിഹാബ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ഈ മാങ്ങ ദുബയിലെത്തിയിട്ടുണ്ട്. കൂടാതെ തെലങ്കാനയില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നുമുള്ള വലിപ്പം കൂടിയ ബദാമി വിഭാഗവും എത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള തോത്താപ്പുരി, റാസ്പ്പുരി മാമ്പഴങ്ങളും മാര്‍ക്കറ്റില്‍ സുലഭമാണ്. ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ നിന്ന് മാങ്ങ വരാന്‍ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെയാണ് ധാരാളം മാമ്പഴം എത്താന്‍ തുടങ്ങിയത്.

Next Story

RELATED STORIES

Share it