Gulf

യുഎഇയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: ആഫ്രിക്കക്കാരനായ പ്രതിയെ തടവിന് ശിക്ഷിച്ച് കോടതി

ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും ദുബയ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കുത്തേറ്റ പ്രവാസിക്ക് സ്ഥിര വൈകല്യം സംഭവിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.

യുഎഇയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം:  ആഫ്രിക്കക്കാരനായ പ്രതിയെ തടവിന് ശിക്ഷിച്ച് കോടതി
X

ദുബയ്: യുഎഇയില്‍ പ്രവാസിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 35 വയസ്സുകാരനായ ആഫ്രിക്കന്‍ വംശജന് ഒരു വര്‍ഷം തടവ്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും ദുബയ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കുത്തേറ്റ പ്രവാസിക്ക് സ്ഥിര വൈകല്യം സംഭവിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് അനധികൃതമായി മദ്യം വിറ്റിരുന്ന ആളാണ് പ്രതിയായ ആഫ്രിക്കക്കാരന്‍. ഇയാളില്‍ നിന്ന് മദ്യം വാങ്ങി കുടിക്കുന്നതിനിടെ, പ്രതി കൈയില്‍ കരുതിയ കത്തിയെടുത്ത് അപ്രതീക്ഷിതമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കേസിലെ സാക്ഷി കോടതിയില്‍ മൊഴി നല്‍കി. ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

ഗുരുതര പരിക്കേറ്റ പ്രവാസിയുടെ മുറിവ് താന്‍ ഒരു തുണി കൊണ്ട് കെട്ടിയ ശേഷം ആംബുലന്‍സ് വിളിച്ചുവെന്നും സാക്ഷി പറയുന്നു. പ്രതിയില്‍ നിന്ന് താന്‍ അഞ്ച് ദിര്‍ഹത്തിന് മദ്യം വാങ്ങിയെന്നും എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി അയാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും കുത്തേറ്റ പ്രവാസിയും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശരീരത്തിന്റെ വലതുവശത്ത് ആഴത്തില്‍ മുറിവേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് ജീവന്‍ രക്ഷിച്ചതെന്ന് ഫോറന്‍സിക് ലബോറട്ടറി റിപോര്‍ട്ട് വ്യക്തമാക്കുന്നു.



Next Story

RELATED STORIES

Share it