Gulf

ടൂറിസം ഭാവിക്ക് പുതിയ പദ്ധതിയുമായി കുവൈത്ത് ജിയോപാര്‍ക്ക്

ടൂറിസം ഭാവിക്ക് പുതിയ പദ്ധതിയുമായി കുവൈത്ത് ജിയോപാര്‍ക്ക്
X

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ ദിശാബോധവും ദീര്‍ഘകാല സാധ്യതകളും തുറക്കുന്ന പദ്ധതിയാണ് ജിയോപാര്‍ക്കെന്ന് വിവരസാംസ്‌കാരിക മന്ത്രിയും യുവജന സഹമന്ത്രിയുമായ അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി. ശനിയാഴ്ച ജിയോപാര്‍ക്ക് പ്രദേശത്ത് നടത്തിയ പരിശോധനാ സന്ദര്‍ശനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതിയുടെ വിജയത്തിലൂടെ പങ്കാളികളാകുന്ന എല്ലാ മേഖലകള്‍ക്കും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുവൈത്തിന്റെ ഭൂമിശാസ്ത്രം, കാലാവസ്ഥ, പരിസ്ഥിതി സവിശേഷതകള്‍ എന്നിവ ആഗോളതലത്തില്‍ അവതരിപ്പിച്ച് ഈ പ്രദേശത്തെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് ജിയോപാര്‍ക്കിന്റെ ദീര്‍ഘകാല ദര്‍ശനം. വിവര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതി, കുവൈത്ത് ഓയില്‍ കമ്പനിയുടെ (കെഒസി) നേതൃത്വത്തില്‍ ടൂറിസ്റ്റിക് എന്റര്‍പ്രൈസസ് കമ്പനി, കുവൈത്ത് ജിയോസയന്‍സ് സൊസൈറ്റി എന്നിവയുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുരോഗമിക്കുന്നത്.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളുടെ ഏകോപിത പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായും സ്വകാര്യ മേഖല പ്രതിനിധികളുമായും യോഗങ്ങള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. കുവൈത്തിന്റെയും ഗള്‍ഫ് മേഖലയുടെയും അപൂര്‍വമായ ഭൂമിശാസ്ത്ര സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന ജിയോപാര്‍ക്കിലൂടെ വിവിധ ടൂറിസം കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്ന പദ്ധതിയായി ജിയോപാര്‍ക്ക് മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഒസി പ്ലാനിങ് ആന്‍ഡ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ഖലീഫ അല്‍ അബ്ദുള്‍ ജലീല്‍ ജിയോപാര്‍ക്ക് പ്രദേശത്തിന്റെ അപൂര്‍വമായ ചരിത്രപുരാവസ്തു പ്രാധാന്യം വിശദീകരിച്ചു. ബിസി 5500 മുതല്‍ 4900 വരെയുള്ള ഉബൈദ് കാലഘട്ടത്തിലേക്കാണ് ഈ പ്രദേശത്തിന്റെ ചരിത്രം നീളുന്നതെന്നും പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലും മനുഷ്യവാസത്തിന്റെ ആദ്യകാലഘട്ടത്തെ സൂചിപ്പിക്കുന്ന പ്രധാന പൈതൃക കേന്ദ്രങ്ങളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജിയോപാര്‍ക്കിന്റെ നിര്‍മാണവും വികസനവും കെഒസി നേരിട്ടാണ് നയിക്കുന്നതെന്നും സാങ്കേതിക വൈദഗ്ധ്യവും ദേശീയ ഉത്തരവാദിത്വവും പ്രയോജനപ്പെടുത്തി സാംസ്‌കാരികപരിസ്ഥിതി സംരംഭങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും അല്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു. കുവൈത്ത് ഉള്‍ക്കടലിന്റെ വടക്കുഭാഗത്തുള്ള ഈ പ്രദേശം, സുബിയ മരുഭൂമിയിലെ മാഴ്‌സ് ഉപരിതലത്തെ ഓര്‍മിപ്പിക്കുന്ന പാറക്കെട്ടുകളും ജല്‍ അസ്-സോര്‍ മേഖലയിലെ ഉയര്‍ന്ന ചരിവുകളും ഉള്‍ക്കൊള്ളുന്ന അപൂര്‍വ ഭൂപ്രകൃതിയാല്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it