Gulf

കുവൈത്തില്‍ വിദേശികളുടെ പ്രസവ ചികില്‍സാ ഫീസ് കുത്തനെ കൂട്ടി

കുവൈത്തില്‍ വിദേശികളുടെ പ്രസവ ചികില്‍സാ ഫീസ് കുത്തനെ കൂട്ടി
X

കുവൈത്ത്: കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ വിദേശികളുടെ പ്രസവ ഫീസ്, റൂം വാടക മുതലായവ കുത്തനെ വര്‍ധിപ്പിച്ചു. വര്‍ധനവ് ഇന്നു (09.10.2019) മുതല്‍ പ്രാബല്യത്തില്‍ വന്നു. ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ പരിധിയില്‍ വരുന്ന വിദേശികള്‍ക്ക് സ്വാഭാവിക പ്രസവത്തിനുള്ള ഫീസ് നിരക്ക് 100 ദിനാര്‍ ആയിരിക്കും. നേരത്തേ ഇത് 50 ദിനാര്‍ ആയിരുന്നു. അതേസമയം സിസേറിയന്‍ ശസ്ത്രക്രിയ വഴിയുള്ള പ്രസവത്തിനു ഫീസ് 150 ദിനാര്‍ ആയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. സോനാര്‍ പരിശോധന, ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ മുതലായ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമേ ആശുപത്രിയിലെ മുറിവാടക പ്രതിദിനം 100 ദിനാറായി വര്‍ധിപ്പിച്ചു.

നേരത്തേ, മൂന്നു രാത്രികള്‍ വരെയുള്ള താമസത്തിനു പ്രത്യേക ഫീസ് ഈടാക്കിയിരുന്നില്ല. ആരോഗ്യ രംഗത്തെ ജീവനക്കാരുടെ വേതന വര്‍ധനവ്, ഉപകരണങ്ങളുടെയും മറ്റുമുള്ള ഉയര്‍ന്ന ചെലവ്, പൊതുസ്വകാര്യ മേഖലകളിലെ പ്രസവ ഫീസ് നിരക്കുകള്‍ തമ്മിലുള്ള വലിയ അന്തരം മുതലായ ഘടകങ്ങള്‍ കണക്കിലെടുത്ത് ശ്രദ്ധാപൂര്‍വമായ പഠനത്തിന് ശേഷമാണ് പ്രവാസികള്‍ക്കുള്ള പ്രസവ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പുതുക്കി നിശ്ചയിച്ച പ്രസവ ഫീസ് സ്വകാര്യ ആശുപത്രികളിലെ നിലവിലെ ഫീസ് നിരക്കിനേക്കാള്‍ താരതമ്യേന കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. രോഗികളുടെ സേവന, ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നതിനാണു മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it