Gulf

ജിദ്ദ കെഎംസിസി പ്രവാസി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു; പ്രവാസികള്‍ക്ക് 20 ലക്ഷം രൂപയുടെ സുരക്ഷാ പരിരക്ഷ

കുടുംബസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കും. 2015 മുതല്‍ അഞ്ചുവര്‍ഷം സുരക്ഷാ പദ്ധതിയുടെ ഭാഗമായി എക്സ്റ്റില്‍ പോയ 60 വയസ് പൂര്‍ത്തിയായ പ്രവാസിക്ക് പ്രതിമാസം 1,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും.

ജിദ്ദ കെഎംസിസി പ്രവാസി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു; പ്രവാസികള്‍ക്ക് 20 ലക്ഷം രൂപയുടെ സുരക്ഷാ പരിരക്ഷ
X

ജിദ്ദ: പ്രവാസികള്‍ക്കായി ജിദ്ദ കെഎംസിസി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. ഇനി മുതല്‍ പ്രവാസികള്‍ക്ക് സുരക്ഷാ പരിരക്ഷ 20 ലക്ഷം രൂപ ലഭിക്കും. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കര്‍ അരിബ്ര എന്നിവരാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. ജിദ്ദ കെഎംസിസി നടത്തിവരുന്ന കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി വിജയകരമായ 11 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രവാസി ചരിത്രത്തില്‍തന്നെ വിപ്ലവകരമാവുന്ന പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. പിന്നിട്ട വര്‍ഷങ്ങളില്‍ കാരുണ്യഹസ്തം കുടുംബസുരക്ഷപദ്ധതി അംഗമായിരിക്കെ മരണപ്പെട്ട നൂറുകണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം കോടിക്കണക്കിന് രൂപ നല്‍കാന്‍ ജിദ്ദ കെഎംസിസിക്ക് സാധിച്ചു.

കുടുംബസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കും. 2015 മുതല്‍ അഞ്ചുവര്‍ഷം സുരക്ഷാ പദ്ധതിയുടെ ഭാഗമായി എക്സ്റ്റില്‍ പോയ 60 വയസ് പൂര്‍ത്തിയായ പ്രവാസിക്ക് പ്രതിമാസം 1,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് 2021 മുതല്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷത്തെ അംഗത്വമുണ്ടെങ്കില്‍ 60 വയസ് പൂര്‍ത്തിയാവുന്നതോടെ പ്രവാസം നിര്‍ത്തി നാട്ടില്‍ പോയാല്‍ പെന്‍ഷന് അര്‍ഹരാവും. പെന്‍ഷന്‍ അര്‍ഹരായവര്‍ ചികില്‍സാ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാവുന്നതിന് നാട്ടില്‍നിന്ന് തുടര്‍ന്നും 2021 മുതല്‍ അംഗത്വം തുടരേണ്ടതാണ്.

ജീവിക്കാനായി കടല്‍ കടന്ന് കുടുംബം പോറ്റാന്‍ പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ കഷ്ടപ്പെട്ടിട്ട് വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുന്നവര്‍ നിരവധിയാണ്. കുടുംബനാഥന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗമൊരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കെഎംസിസി കമ്മിറ്റികള്‍ ഫലപ്രദമായി നടപ്പാക്കിയ സുരക്ഷാ പദ്ധതി 20 വര്‍ഷം മുമ്പ് ജിദ്ദയില്‍നിന്നാണ് കെഎംസിസി തുടക്കം കുറിച്ചത്. പ്രതിമാസ പ്രവാസി പെന്‍ഷന്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുളള തുടക്കവും ജിദ്ദയില്‍നിന്നാണ് ആരംഭിക്കുന്നത്.

11 വര്‍ഷത്തിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേരിട്ട് കുടുംബസുരക്ഷാ പരിരക്ഷ നല്‍കിയത്. നാഷനല്‍, സെന്‍ട്രല്‍, ജില്ലാ കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളില്‍ ജിദ്ദയില്‍ മാത്രം രണ്ടുലക്ഷം പ്രവാസികള്‍ക്ക് കുടുംബ സുരക്ഷാ പദ്ധതി പരിരക്ഷ ഉറപ്പുവരുത്താന്‍ കെഎംസിസിക്കായി. നടപ്പുവര്‍ഷം വിവിധ പദ്ധതികളില്‍നിന്നായി രണ്ടുകോടിയില്‍പരം രൂപ ജിദ്ദയിലെ പ്രവാസികള്‍ക്ക് ആനുകൂല്യമായി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതിയില്‍നിന്നും ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് 10 കോടിയോളം രൂപയാണ്.

അഞ്ചുവര്‍ഷം തുടര്‍ച്ചയായി പദ്ധതി അംഗമായ വ്യക്തി എക്‌സിറ്റില്‍ പോവുമ്പോള്‍ നാട്ടിലേക്കുളള ടിക്കറ്റിന്റെ തുക കമ്മിറ്റി നല്‍കുന്നുണ്ട്. ഒക്ടോബര്‍ 16 ന് വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന കാംപയിന്‍ ഉദ്ഘാടനത്തില്‍ ഈയിടെ മരണപ്പെട്ട 14 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം ഒരുകോടി രൂപയ്ക്കുള്ള ചെക്കുകള്‍ വിതരണം ചെയ്യും. 2021ലെ പുതിയ വര്‍ഷ പദ്ധതിയുടെ പ്രീമിയം 50 റിയാലും പെന്‍ഷന്‍ വിഹിതമായി 10 റിയാലുമാണ് ഫീസ്. കൊവിഡ് കാരണം നാട്ടില്‍ കുടുങ്ങിപ്പോയ ആളുകള്‍ക്ക് പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കൗണ്ടറുകള്‍ തുറക്കുകയും കോ-ഓഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്യും.

ഇതടക്കമുള്ള സംഘടനയുടെ സകലപദ്ധതികള്‍ക്കും ജാതിമത കക്ഷിഭേദങ്ങളുടെ അതിര്‍വരമ്പുകളില്ലെന്നും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി, സൗദി നാഷനല്‍ കെഎംസിസി, ജിദ്ദയിലെ വിവിധ ജില്ലാ കമ്മിറ്റികള്‍ നടത്തുന്ന കുടുംബസുരക്ഷാ പദ്ധതികളില്‍ തുടര്‍ച്ചയായി അംഗമാവുന്ന ജിദ്ദയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയാണ് മരണാനന്തര അനുകൂല്യമായി 2021 മുതല്‍ കെഎംസിസി നല്‍കാന്‍ പോവുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

പദ്ധതി കാംപയിന് കാലയളവില്‍ ജിദ്ദ കെഎംസിസിയുടെ ഏരിയ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മുഖേന വിതരണം ചെയ്യുന്ന അപേക്ഷാഫോറം വഴിയോ, കെഎംസിസി ഓണ്‍ലൈന്‍ സൈറ്റുകളായ WWW.KMCCJEDDAH.ORG, / WWW.KMCCONLINE.INFO വഴിയോ അംഗത്വം എടുക്കാവുന്നതാണ്. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി പി മുസ്തഫ, റസാഖ് മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, അബ്ദുല്ല പാലേരി, സി സി കരിം, നാസര്‍ മച്ചിങ്ങല്‍, എ കെ ബാവ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it