Gulf

കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് ജൂലൈ 31 വരെ വിലക്ക്

ആഗസ്ത് 1 മുതല്‍ കുവൈത്ത് വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയുള്ള സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതല്ല.

കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് ജൂലൈ 31 വരെ വിലക്ക്
X

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനസര്‍വീസുകള്‍ക്കും ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ജൂലായ് 24 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലേക്കാണ് വിലക്ക്. ഇതുസംബന്ധിച്ച് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ക്ക് ഇന്ത്യന്‍ വ്യോമയാന അധികൃതരില്‍നിന്നും അറിയിപ്പ് ലഭിച്ചതായാണു വിവരം. കത്തില്‍ ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇതെത്തുടര്‍ന്ന് രണ്ടുദിവസങ്ങളിലായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുവൈത്ത് എയര്‍വെയ്‌സ് ചാര്‍ട്ട് ചെയ്തിരുന്ന പ്രത്യേക സര്‍വീസുകള്‍ റദ്ദാക്കി.

അതേസമയം, വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള കുവൈത്തില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ഇനിയും പുനരാരംഭിച്ചില്ല. വന്ദേ ഭാരത് ദൗത്യത്തിനെ നാലാംഘട്ടത്തില്‍ എയര്‍ ഇന്ത്യയെ പൂര്‍ണമായും ഒഴിവാക്കി രണ്ട് സ്വകാര്യവിമാന കമ്പനികള്‍ക്കായിരുന്നു കേരളത്തിലേക്കുള്ള സര്‍വീസിനു അനുമതി നല്‍കിയിരുന്നത്. എന്നാല്‍, അനുമതി ലഭിച്ചിട്ടും വന്ദേ ഭാരത് സര്‍വീസ് നടത്താതെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്കായിരുന്നു ഈ വിമാനക്കമ്പനികള്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനത്തിനു ആവശ്യക്കാര്‍ കുറഞ്ഞതോടെയാണു ഇവര്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, അപ്പോഴേക്കും വിമാനത്തില്‍ നിറയെ യാത്രക്കാരെ ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ഇതോടെ വന്ദേ ഭാരത് സര്‍വീസ് ലാഭകരമാവില്ലെന്ന് തിരിച്ചറിഞ്ഞ് കമ്പനികള്‍ സര്‍വീസുകള്‍ സ്വയം വേണ്ടെന്നുവച്ചതിനെ തുടര്‍ന്നാണു നിലവിലെ പ്രതിസന്ധി ഉടലെടുത്തതെന്നാണു വിവരം. അതിനിടെ, ആഗസ്ത് 1 മുതല്‍ കുവൈത്ത് വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയുള്ള സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതല്ല. ഇതനുസരിച്ച് വിമാനങ്ങളുടെ സമയം പുനക്രമീകരിക്കാന്‍ കുവൈത്ത് വ്യോമയാന അധികൃതര്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it