Gulf

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവം; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവം; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു
X

അബൂദബി: വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ദുബയ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കൊപ്പമാണ് വിട്ടയച്ചത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് എയര്‍ ഇന്ത്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കി നടനെ പോവാന്‍ അനുവദിച്ചത്.

അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്തായിരുന്നു നടപടി. ഒരിക്കല്‍ എക്‌സിറ്റ് അടിച്ചതിനാല്‍ പുതിയ വിസിറ്റ് വിസയെടുത്താണ് ഷൈന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഷൈന്‍ ടോം ഉള്‍പ്പെടെയുള്ള സിനിമാ സംഘം പുതിയ ചിത്രം ഭാരത സര്‍ക്കസിന്റെ ദുബയ് പ്രമോഷന്‍ ഇവന്റിന്റെ ഭാഗമായാണ് ദുബയിലെത്തിയത്. തിരിച്ച് നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്തില്‍ കയറിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ഷൈന്‍ നേരെ കോക്പിറ്റില്‍ പ്രവേശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്യാബിന്‍ ക്രൂ ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടര്‍ന്ന് നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബോ സീറ്റില്‍ കയറിക്കിടന്നെന്നും ആരോപണമുണ്ട്. ഷൈനിനെ ഇറക്കിയശേഷം, മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞുവച്ചു. കുഴപ്പമുണ്ടാക്കാനായിരുന്നില്ല, തമാശയ്ക്കായിരുന്നു താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

Next Story

RELATED STORIES

Share it