Gulf

സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും: പി സതീദേവി

പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ രക്ഷിതാക്കള്‍ മാറ്റം വരുത്താന്‍ തയ്യാറാവണം. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ശേഷം മാത്രമേ വിവാഹം നടത്താവൂ.

സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും: പി സതീദേവി
X

ജിദ്ദ: സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി അഭിപ്രായപ്പെട്ടു. ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച 'സ്ത്രീപക്ഷ കേരളം' വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ രക്ഷിതാക്കള്‍ മാറ്റം വരുത്താന്‍ തയ്യാറാവണം. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ശേഷം മാത്രമേ വിവാഹം നടത്താവൂ.ആണ്‍കുട്ടികളെ കല്ല്യാണം നടത്തുന്നതിന് മുന്‍പ് കാല്യാണം കഴിച്ച പെണ്‍കുട്ടിയെ പോറ്റാന്‍ അവരെ പ്രാപ്തരാക്കുന്ന രക്ഷിതാക്കള്‍ എന്ത്‌കൊണ്ട് ഇതേ നിലപാട് പെണ്‍കുട്ടികളോട് കാണിക്കുന്നില്ല.

ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകള്‍ പുരുഷ മനസ്സില്‍ നിന്നും മാത്രമല്ല സ്ത്രീകളുടെ മനസ്സില്‍ നിന്നും മാറണം. സ്ത്രീയും പുരുഷനും ഒന്നിച്ചു നിന്നാല്‍ മാത്രമേ കുടുംബം കെട്ടിപ്പടുക്കാന്‍ പറ്റൂ എന്ന ധാരണ പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടെയും മനസ്സില്‍ ഉണ്ടാക്കി എടുക്കാന്‍ മാതാ പിതാക്കള്‍ ശ്രദ്ധിക്കണം.

ആണ്‍കുട്ടികളെ പോലെ വിദ്യാഭ്യാസം നേടാനും അവളുടെ കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാനുമുള്ള സ്വാതത്ര്യം പെണ്‍കുട്ടികള്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്ത്രീകളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ നമ്മുടെ നാട്ടില്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലത്തെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും സതീദേവി അഭിപ്രായപ്പെട്ടു.

വനിതാ വേദി കണ്‍വീനര്‍ അനുപമ ബിജുരാജ് അദ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോക്ടര്‍ ഇന്ദു ചന്ദ്ര, റെജിയെ ബീരാന്‍, സലീന മുസാഫിര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബവേദി കേന്ദ്രകമ്മിറ്റി മെമ്പര്‍മാരായ ആയിഷ അലി, സുവിജ സത്യന്‍, നൂറുന്നീസ ബാവ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വനിതാവേദി ജോയിന്റ് കണ്‍വീനര്‍ ഹഫ്‌സ മുസാഫര്‍ സ്വാഗതവും കേന്ദ്ര കമ്മിറ്റി മെമ്പര്‍ സനൂജ മുജീബ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it