Gulf

ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കണ്ണൂരിലേക്ക് സര്‍വീസുകള്‍ കുറവായതും യാത്രക്കാര്‍ കൂടുതലുള്ളതുമാണ് നിരക്ക് ഉയരാനുള്ള കാരണം. നിരക്ക് കുറയ്ക്കുന്നകാര്യം പരിഗണനയിലുണ്ട്.

ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
X

ദുബയ്: പ്രവാസികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ ശ്യാംസുന്ദര്‍ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബുദാബി-കണ്ണൂര്‍ വിമാന സര്‍വ്വീസുകളും വര്‍ദ്ധിപ്പിക്കും. അബുദാബിയിലേക്ക് തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ടു പുതിയ സര്‍വീസുകളാണ് തുടങ്ങുന്നത്. ഇതിനു പുറമെ മസ്‌കറ്റിലേക്കും ബഹ്‌റൈന്‍ വഴി കുവൈത്തിലേക്കും കണ്ണൂരില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന വിമാനം രാത്രി 7.50ന് മസ്‌കറ്റില്‍ എത്തും. മസ്‌കറ്റില്‍നിന്ന് രാത്രി 8.50ന് പുറപ്പെട്ട് അടുത്തദിനം പുലര്‍ച്ചെ 2.05ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിനും ദോഹയ്ക്കുമിടയില്‍ നിലവിലുള്ള സര്‍വീസ് ആഴ്ചയില്‍ അഞ്ചായി ഉയര്‍ത്തും. കോഴിക്കോട്‌റിയാദ് മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും.

കണ്ണൂരിലേക്കുള്ള യാത്രാനിരക്ക് ഉയരുന്നത് മനപ്പൂര്‍വമല്ലെന്ന് ശ്യാംസുന്ദര്‍ പറഞ്ഞു. സര്‍വീസുകള്‍ കുറവായതും യാത്രക്കാര്‍ കൂടുതലുള്ളതുമാണ് നിരക്ക് ഉയരാനുള്ള കാരണം. നിരക്ക് കുറയ്ക്കുന്നകാര്യം പരിഗണനയിലുണ്ട്. കണ്ണൂരിനും ദുബായിക്കുമിടയില്‍ ഉടന്‍ സര്‍വീസ് തുടങ്ങില്ല. ഇന്ത്യക്കും ഗള്‍ഫിനുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകള്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള കരാര്‍ അനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭ്യമായാലേ ദുബായ്-കണ്ണൂര്‍ സര്‍വീസ് തുടങ്ങാന്‍ കഴിയുകയുള്ളൂ.ഷാര്‍ജയില്‍നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് അടുത്തമാസം 16 മുതല്‍ വിമാനസര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളിലാവും സര്‍വീസ്.വൈകിട്ട് 7.35ന് ഷാര്‍ജയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.45ന് സൂറത്തില്‍ എത്തും..സൂറത്തില്‍നിന്ന് രാത്രി 12.30ന് പുറപ്പെട്ട് 2.15ന് ഷാര്‍ജയിലെത്തും. മാര്‍ച്ച് 31നുശേഷം ഇതു നാലുവീതം സര്‍വീസാക്കും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാവും ഇത്. എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ മോഹിത് സെന്‍, അറേബ്യന്‍ ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ വി.സി വേണുഗോപാല്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it