Latest News

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; പ്രഖ്യാപനം മാര്‍ച്ചില്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; പ്രഖ്യാപനം മാര്‍ച്ചില്‍
X

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12ന് ശേഷം നടന്നേക്കും. ഏപ്രില്‍ ആറിനും 12നും ഇടയിലോ വിഷുവിന് ശേഷമോ ആകും സംസ്ഥാനത്ത് വോട്ടെടുപ്പെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടാണ് സിപിഎമ്മും ഇടതുമുന്നണിയും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ടുതവണ തുടര്‍ച്ചയായി മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിബന്ധനയില്‍ സിപിഎം ഇത്തവണ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സെക്രട്ടേറിയറ്റംഗങ്ങളില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. സിപിഎമ്മിന്റെ നിലവിലുള്ള 62 എംഎല്‍എമാരില്‍ 50 പേര്‍ മല്‍സരിക്കുമെന്നാണ് റിപോര്‍ട്ട്.

കോണ്‍ഗ്രസില്‍ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ 40 പേരാണുള്ളത്. 20 സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പെടേയാണിത്. കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ടി എന്‍ പ്രതാപന്‍ മണലൂരിലും വി ടി ബല്‍റാം തൃത്താലയിലും കെ എം അഭിജിത്ത് നാദാപുരത്തും കെ പ്രവീണ്‍കുമാര്‍ കൊയിലാണ്ടിയിലും മല്‍സരിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം തന്നെ നടത്താനാണ് ആലോചന.

Next Story

RELATED STORIES

Share it