Latest News

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; ഡാറ്റ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്: വി ഡി സതീശന്‍

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; ഡാറ്റ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്: വി ഡി സതീശന്‍
X

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശമ്പളപരിഷ്‌കരണ കമ്മീഷനെ ചൂണ്ടിക്കാട്ടിയാണ് ആദ്യ പ്രഖ്യാപനമെന്നും, മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ നിയോഗിക്കുന്നതിലൂടെ അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവെക്കാനുള്ള ബുദ്ധിപൂര്‍വമായ ശ്രമമാണിതെന്നും സതീശന്‍ പറഞ്ഞു.

പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പിഎസ്‌സി പ്രായപരിധി ഉയര്‍ത്തി ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ 2023ല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും, മൂന്നു വര്‍ഷം പൂഴ്ത്തിവച്ച റിപോര്‍ട്ട് ഇപ്പോള്‍ അംഗീകരിച്ചെന്ന പ്രഖ്യാപനം രാഷ്ട്രീയ ഉദ്ദേശ്യപ്രേരിതമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഡാറ്റാ ചോര്‍ച്ച വിഷയവും സതീശന്‍ ഉന്നയിച്ചു. സ്പാര്‍ക്ക് സംവിധാനത്തില്‍ നിന്നുള്ള ഡാറ്റ മോഷ്ടിച്ചതായി ആരോപിച്ച അദ്ദേഹം, ഡാറ്റ ആരെങ്കിലും മോഷ്ടിച്ചാല്‍ അത് ഗുരുതര കുറ്റകൃത്യമാണെന്ന് പറഞ്ഞു. സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട വിധി ഇതുസംബന്ധിച്ച് നിലവിലുണ്ടെന്നും, ഡാറ്റയുടെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നതോയെന്ന് അദ്ദേഹം ചോദിച്ചു. ഡാറ്റാ ചോര്‍ച്ചയില്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും, ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നുമാണ് ആരോപണം.

സംസ്ഥാന ഖജനാവില്‍ പണമില്ലാത്ത സാഹചര്യത്തിലും കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും, ഇത് കടം വാങ്ങിയ പണത്തിലൂടെയാണെന്നും സതീശന്‍ പറഞ്ഞു. ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 250 കോടി രൂപയും സഹകരണ ബാങ്കുകളില്‍ നിന്ന് പതിനായിരം കോടി രൂപയും എടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി കൃത്യമാണെന്നും, സുപ്രിംകോടതി നല്‍കിയ സ്‌റ്റേ പിന്‍വലിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു. തുടര്‍ഭരണം ഉറപ്പാക്കാന്‍ സിപിഎം സ്വന്തം ഫണ്ടാണ് ചെലവാക്കേണ്ടതെന്നും, നികുതിപ്പണം ഉപയോഗിച്ച് ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞ നിയമമന്ത്രിക്കെതിരേയും സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെളിവില്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്ന് വിജിലന്‍സ് കോടതി പറഞ്ഞ സാഹചര്യത്തില്‍, അതിനെ തള്ളിപ്പറയാന്‍ നിയമമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിക്കുള്ള പങ്കാളിത്തം എന്താണെന്ന് എസ്‌ഐടി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it