Latest News

'ഇനിയും എത്ര നോമ്പും പെരുന്നാളും ബാപ്പയുടെ അസാന്നിധ്യത്തില്‍ 'ആഘോഷി'ക്കേണ്ടിവരും?'; തബ്ഷിറ സലാം

ഇനിയും എത്ര നോമ്പും പെരുന്നാളും ബാപ്പയുടെ അസാന്നിധ്യത്തില്‍ ആഘോഷിക്കേണ്ടിവരും?; തബ്ഷിറ സലാം
X

കോഴിക്കോട്: വാപ്പയുടെ സാന്നിദ്ധ്യമില്ലാത്ത നോമ്പുകാലം വിവരിച്ച് ഒഎംഎ സലാമിന്റെ മകള്‍ തബ്ഷിറ സലാം. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു റമളാന്‍ മാസത്തിലാണ് ആദ്യമായി വാപ്പയുടെ സാന്നിദ്ധ്യമില്ലാത്ത നോമ്പുകാലം അനുഭവിച്ചറിഞ്ഞതെന്ന് തബ്ഷിറ സലാം ഫേസ്ബുക്കില്‍ കുറിച്ചു. റമളാന്‍ എക്കാലവും എല്ലാവര്‍ക്കും പുത്തന്‍ ഉണര്‍വും ഉന്മേഷവും ആണേലും, ഞങ്ങള്‍ കുട്ടികള്‍ക്ക് റമളാന്‍ പ്രിയങ്കരമാകാന്‍ കാരണം ആ മാസം വാപ്പ കൂടുതല്‍ സമയം വീട്ടിലുണ്ടാകും എന്നതാണ്. എന്നാല്‍ ഇന്നിതാ വാപ്പാന്റെ സാന്നിദ്യമില്ലാത്ത നാലാമത്തെ റമദാന്‍ വിന്നിരിക്കുകയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. 2022 സെപ്റ്റംബറിലാണ് ഒഎംഎ സലാമിനെ കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ പോപുലര്‍ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.

തബ്ഷിറ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

റമദാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഏഴുദിവസം. ഇന്നാണ് എക്‌സാം കഴിഞ്ഞ് വീട്ടിലെത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു റമളാന്‍ കടന്നുവന്നത് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അന്നാണ് ആദ്യമായി വാപ്പയുടെ സാന്നിദ്ധ്യമില്ലാത്ത നോമ്പുകാലം അനുഭവിച്ചറിഞ്ഞത്. ഇന്നിതാ അങ്ങനെയുള്ള നാലാമത്തെ റമദാന്‍...

റമളാന്‍ എക്കാലവും എല്ലാവര്‍ക്കും പുത്തന്‍ ഉണര്‍വും ഉന്മേഷവും ആണേലും, ഞങ്ങള്‍ കുട്ടികള്‍ക്ക് റമളാന്‍ പ്രിയങ്കരമാകാന്‍ വേറെയുമുണ്ട് കാരണം - ആ മാസം വാപ്പ കൂടുതല്‍ സമയം വീട്ടിലുണ്ടാകും. 11 മാസവും നിരന്തര യാത്രയും പരിപാടികളും...

രാജ്യത്ത് എവിടെയെങ്കിലും പ്രളയമോ ഭൂകമ്പമോ ഉണ്ടായതായി വാര്‍ത്ത വന്നാല്‍ ഞങ്ങള്‍ മക്കള്‍ ചര്‍ച്ച ചെയ്തിരുന്നത് 'ദേ വാപ്പ ഉടന്‍ പോകും , നോക്കിക്കോ!'എന്നായിരുന്നു. വാപ്പയുടെ അസാന്നിധ്യം പ്രയാസം ഉണ്ടാക്കിയപ്പോഴും, ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായം എത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരില്‍ ഞങ്ങളുടെ വാപ്പയും ഉണ്ടല്ലോ എന്ന അഭിമാന ബോധം ആ പ്രയാസത്തെ മറികടക്കാന്‍ പോന്നതായിരുന്നു.

വിദ്യാഭ്യാസവും വികസനവും കടന്നുചെന്നിട്ടില്ലാത്ത വിദൂര ഗ്രാമങ്ങളില്‍ തങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി കുട്ടികള്‍ അക്ഷരാഭ്യാസം നേടുന്നതിന്റെയും വിദ്യാലയങ്ങള്‍ സജീവമാക്കാന്‍ തുടങ്ങിയതിന്റെയും അനുഭവകഥകള്‍ വാപ്പ പറഞ്ഞു തന്നപ്പോള്‍ ഞങ്ങള്‍ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്.

ദാരിദ്ര്യം മേല്‍വിലാസമായി മാറിയ നഗരപ്രാന്തങ്ങളിലെ എണ്ണമറ്റ മനുഷ്യര്‍ സ്വപ്നം കാണാന്‍ പോലും വിസ്മരിച്ചു പോയതും അവരിലേക്ക് ഇറങ്ങിച്ചെന്ന് ദിശാബോധവും അന്നവും നല്‍കാന്‍ ശ്രമിച്ചതും ഭാവിയെക്കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതും എങ്ങനെ എന്ന് വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍ അത്ഭുതം കൂറിയിട്ടുണ്ട്.

സ്‌കൂളിലേക്കും ഞങ്ങള്‍ മാറ്റുരക്കുന്ന മറ്റു മത്സരവേദികളിലേക്കും മറ്റുള്ള കുട്ടികളെല്ലാം അവരുടെ മാതാപിതാക്കളുടെ കൂടെ വരുമ്പോള്‍, എന്റെ കൂടെ വരാന്‍ മിക്കപ്പോഴും വാപ്പയെ കിട്ടാറില്ലായിരുന്നു. അന്നേരം ദുഃഖം തോന്നിയിരുന്നെങ്കിലും വൈകാതെ അത് അഭിമാനത്തിനു വഴിമാറും. വാപ്പയന്നേരം എന്നെപ്പോലുള്ള ആയിരകണക്കിന് കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയുമൊക്കെ വളര്‍ച്ചക്കും പുരോഗതിക്കുമുള്ള പരിശ്രമങ്ങളിലായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍...

താരതമ്യേന മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനില്‍ വാപ്പ കൂടുതല്‍ ദിവസങ്ങള്‍ നാട്ടില്‍ ഉണ്ടാകാറുണ്ടായിരുന്നു. ഖുര്‍ആന്‍ പാരായണം, പഠനം, രാത്രി നമസ്‌കാരങ്ങള്‍.....

വീടിനു ജീവന്‍ വെക്കുന്ന കാലം. നമ്മുടെ ജീവിതം, അറിവ്, കഴിവുകള്‍, സമ്പത്ത് തുടങ്ങിയവയെല്ലാം നാഥന്‍ നല്‍കിയ അനുഗ്രഹമാണെന്നും അവയെല്ലാം മനുഷ്യന്‍ നന്മക്ക് വേണ്ടി ചിലവഴിക്കുമ്പോഴാണ് നാഥന്‍ നമ്മില്‍ സംപ്രീതനാകുന്നതെന്നും വാപ്പ നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു

2023ലെ റമദാന്‍ അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഏറ്റവും ദുഃഖ പൂര്‍ണമായ കാലമായിരുന്നു. നോമ്പിന്റെ ഓരോ ഇരവിലും പകലിലും ഓരോ കൊച്ചു കൊച്ചു കാര്യങ്ങളിലും വാപ്പയുടെ അസാന്നിധ്യം മുഴച്ചു നില്‍ക്കും . ഇടക്കു മാത്രം തീഹാറില്‍ നിന്നെത്തുന്ന ഏതാനും മിനിറ്റുകള്‍ നീളുന്ന ഫോണ്‍വിളികളില്‍ എല്ലാം ഒതുക്കേണ്ടിവരും. നിരന്തരമായി ആവര്‍ത്തിച്ചാല്‍ ശീലമായി മാറുന്നതത്രെ മനുഷ്യ പ്രകൃതി - എന്നാല്‍ വാപ്പയുടെ സജീവ സാന്നിധ്യം ഇല്ലാത്ത നോമ്പുകാലം ശീലമായില്ലെന്നു മാത്രമല്ല മനസ്സിന് ഇന്നും ഉള്‍ക്കൊള്ളാന്‍ പോലുമായിട്ടില്ല. മുഴുവന്‍ വിളക്കുകളും പ്രകാശം പരത്തിയാലും വാപ്പയില്ലാത്ത വീട് ഇരുട്ടാണ്..... കനത്ത ഇരുട്ട്!..

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ എന്തൊക്കെ സംഭവങ്ങള്‍ - അപ്പാപ്പന്റെ മരണം, ദീദിയുടെ അപ്രതീക്ഷിത വിയോഗം, കുടുംബത്തിലെ ഒട്ടേറെ വിവാഹങ്ങള്‍, ജനനങ്ങള്‍, മരണങ്ങള്‍, അസുഖങ്ങള്‍ അപകടങ്ങള്‍... ഇന്നിതാ ബാപ്പയെ അകലങ്ങളില്‍ തന്നെ നിര്‍ത്തി നാലാമത്തെ റമദാനും സമാഗതമായിരിക്കുന്നു.....

ഇത്രയേറെ രാജ്യത്തെയും അതിലെ ജനങ്ങളെയും സ്‌നേഹിച്ച, സഹജീവികളുടെ കഷ്ടപാടുകള്‍ കാണുമ്പോള്‍ വെറുതെയിരിക്കാനാവാത്ത എല്ലാവര്‍ക്കും തുല്യാവസരങ്ങളും തുല്യപരിഗണനയും വേണമെന്ന് ഉറക്കെ പറഞ്ഞ, സ്വന്തത്തേക്കാളധികം സമുഹത്തിന്റെ പുരോഗതിക്കും ശാക്തീകരണത്തിനും മുന്‍ഗണന നല്‍കുകയും അതിനായി സമയം അധ്വാനവും സമര്‍പ്പിക്കുകയും ചെയ്ത എന്റെ വാപ്പയെ എങ്ങനെയാണ് ഇവര്‍ക്ക് രാജ്യദ്രോഹിയായി ചിത്രീകരിച്ച് ജയിലില്‍ അടക്കാന്‍ സാധിക്കുന്നത്? ഭരണഘടന മൂല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും അവകാശനിഷേധങ്ങള്‍ക്കെതിരെ നിയമാനുസൃതമായി സമരം ചെയ്യുകയും വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം രാജ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതാണോ എന്റെ വാപ്പ ചെയ്ത തെറ്റ്?

ഇപ്പോഴെന്റെ വാപ്പയും സഹപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളില്‍ നിന്നും കര്‍മ്മമണ്ഡലങ്ങളില്‍ നിന്നും സേവന പാതയില്‍ നിന്നും അകറ്റപ്പെട്ട് തീഹാറിന്റെ കനത്ത കന്മതിലുകള്‍ക്കകത്താണ്. നന്മ മാത്രം ലക്ഷ്യമാക്കിയ ആ കര്‍മ്മയോഗികളെ ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം... അതേസമയം ശബ്ദമുയരേണ്ടിയിരുന്ന ദിക്കുകളില്‍ ഉറഞ്ഞു കൂടിയ കനത്ത മൗനം എന്നെ അത്ഭുതപ്പെടുത്തുന്നു, അസ്വസ്ഥയാക്കുന്നു...

നേരിന്റെ പാതയില്‍ മുമ്പില്‍ നടക്കുന്ന വാപ്പയാണ് എന്റെ അഭിമാനം എന്ന് ഞാന്‍ ആവര്‍ത്തിക്കട്ടെ. അതേസമയം മനസ്സിനെ കുത്തി മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന അന്തരംഗത്തിലെ ഒരു ചോദ്യം ഇവിടെ കുറിച്ചിടാന്‍ നിങ്ങളെന്നെ അനുവദിക്കുക:

ഇനിയും എത്ര നോമ്പും പെരുന്നാളും ബാപ്പയുടെ അസാന്നിധ്യത്തില്‍ 'ആഘോഷി'ക്കേണ്ടിവരും?

Next Story

RELATED STORIES

Share it