Football

ഖത്തറിലെ ലുസൈലില്‍ സ്‌പെയിന്‍-അര്‍ജന്റീന പോരാട്ടം; ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം

ഖത്തറിലെ ലുസൈലില്‍ സ്‌പെയിന്‍-അര്‍ജന്റീന പോരാട്ടം; ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം
X

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവല്‍ 2026-ന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് (ഫെബ്രുവരി 25) രാത്രി 9 മണിക്ക് ആരംഭിക്കും. കായികപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ടിക്കറ്റുകള്‍ 'റോഡ് ടു ഖത്തര്‍' എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ലഭ്യമാകുക. മാര്‍ച്ച് 26 മുതല്‍ 31 വരെ ദോഹയിലെ പ്രധാന സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തില്‍ സ്‌പെയിന്‍, അര്‍ജന്റീന തുടങ്ങിയ ലോകോത്തര ടീമുകള്‍ മാറ്റുരയ്ക്കും.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം യൂറോപ്യന്‍ ചാംപ്യന്മാരായ സ്‌പെയിനും ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ അര്‍ജന്റീനയും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'ഫൈനലിസ്സിമ 2026' ആണ്. മാര്‍ച്ച് 27-നാണ് ഈ പോരാട്ടം നടക്കുന്നത്. കൂടാതെ ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ, സെര്‍ബിയ എന്നീ രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ച്ച് 26 ന് ഖത്തറും സെര്‍ബിയയും തമ്മിലും, സൗദി അറേബ്യയും ഈജിപ്തും തമ്മിലും ഏറ്റുമുട്ടും. മാര്‍ച്ച് 30 ന് ഈജിപ്തും സ്‌പെയിനും തമ്മിലും മാര്‍ച്ച് 31ന് ഖത്തറും അര്‍ജന്റീനയും തമ്മിലുമാണ് പോരാട്ടം. മല്‍സരങ്ങളെല്ലാം ഡിജിറ്റല്‍ ടിക്കറ്റുകള്‍ വഴിയായിരിക്കും നിയന്ത്രിക്കുക.

ടിക്കറ്റ് നിരക്കുകള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫൈനലിസ്സിമ ഒഴികെയുള്ള ഗ്രൂപ്പ് മല്‍സരങ്ങള്‍ക്ക് 50 ഖത്തര്‍ റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍-അര്‍ജന്റീന മല്‍സരത്തിന് മൂന്ന് കാറ്റഗറികളിലായി 200 റിയാല്‍, 600 റിയാല്‍, 1200 റിയാല്‍ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് പരമാവധി നാല് ടിക്കറ്റുകള്‍ വരെ മാത്രമേ സ്വന്തമാക്കാന്‍ സാധിക്കൂ.

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ആരാധകര്‍ക്കായി ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്സ് പ്രത്യേക യാത്രാ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ്, താമസം, മാച്ച് ടിക്കറ്റ് എന്നിവ ഉള്‍പ്പെട്ട ഈ പാക്കേജുകള്‍ വഴി ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ഉറപ്പാക്കാം.



Next Story

RELATED STORIES

Share it