World

സംഭവിച്ചുകൊണ്ടിരിക്കുന്നത് ദു:ഖകരവും ദൗര്‍ഭാഗ്യകരവും; പൗരത്വ നിയമഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒ

അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ, ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോടായിരുന്നു നാദെല്ലയുടെ പ്രതികരണം. നാദെല്ലയുടെ വാക്കുകള്‍ ട്വിറ്ററിലൂടെ ബെന്‍ സ്മിത്ത് പങ്കുവച്ചിട്ടുമുണ്ട്.

സംഭവിച്ചുകൊണ്ടിരിക്കുന്നത് ദു:ഖകരവും ദൗര്‍ഭാഗ്യകരവും; പൗരത്വ നിയമഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒ
X

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ദു:ഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത യൂണികോണ്‍ സൃഷ്ടിക്കുന്നതോ അല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആവുന്നതോ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നാദെല്ല അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ, ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോടായിരുന്നു നാദെല്ലയുടെ പ്രതികരണം. നാദെല്ലയുടെ വാക്കുകള്‍ ട്വിറ്ററിലൂടെ ബെന്‍ സ്മിത്ത് പങ്കുവച്ചിട്ടുമുണ്ട്.

പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സത്യ നാദെല്ല പ്രസ്താവനയിറക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തി നിര്‍വചിക്കുകയും ദേശീയസുരക്ഷ ഉറപ്പാക്കുകയും യോജിക്കുന്ന കുടിയേറ്റനയം നടപ്പാക്കുകയും വേണം. ജനാധിപത്യരാഷ്ട്രങ്ങളില്‍ ഈ വിഷയങ്ങള്‍ അതത് സര്‍ക്കാരുകളും ജനങ്ങളും ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതാണ്. ഞാന്‍ രൂപപ്പെട്ടിരിക്കുന്നത് എന്റെ ഇന്ത്യന്‍ പാരമ്പര്യത്തിലൂടെയും സാംസ്‌കാരിക വൈവിധ്യമുള്ള ഇന്ത്യയില്‍ വളര്‍ന്നതിലൂടെയും യുഎസ്സിലെ എന്റെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ്. ഒരു കുടിയേറ്റക്കാരന് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ സാധിക്കുന്ന അല്ലെങ്കില്‍ ഇന്ത്യന്‍ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും വലിയ രീതിയില്‍ സഹായിക്കാനാവുന്ന ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയെ നയിക്കാന്‍ സാധിക്കുന്ന ഇന്ത്യയെക്കുറിച്ചാണ് തന്റെ പ്രതീക്ഷയെന്നും നാദെല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.

യുഎസ്സിന് പുറത്തുള്ള ഏറ്റവും വലിയ മൈക്രോസോഫ്റ്റ് ഗവേഷണ വികസനകേന്ദ്രത്തിന്റെ ആസ്ഥാനവും ടെക്‌നോളജി ഹബ്ബുമായ ഹൈദരാബാദിലാണ് നാദെല്ല വളര്‍ന്നത്. തന്റെ പൈതൃകം അവിടെയാണ് എന്നതില്‍ അതിയായി അഭിമാനിക്കുന്നു. വളരാന്‍ അതൊരു മികച്ച സ്ഥലമാണെന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങള്‍ ഈദും ക്രിസ്മസും ദീപാവലിയും ആഘോഷിച്ചു. മൂന്ന് ഉല്‍സവങ്ങളും ഞങ്ങള്‍ക്ക് വലുതാണ്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെയാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രസ്താവന.

Next Story

RELATED STORIES

Share it