World

യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് യുക്രെയ്‌ന് മുന്നിലുള്ള കടമ്പകള്‍ എന്തൊക്കെ?

ചരിത്രത്തില്‍ ആദ്യമായാണ് അംഗത്വ അപേക്ഷ ഇത്ര വേഗത്തില്‍ പരിഗണിക്കുന്നതും അനുകൂല നിലപാട് സ്വീകരിക്കുന്നതും. യുക്രെയ്‌നൊപ്പം മോള്‍ഡോവയ്ക്കും സ്ഥാനാര്‍ത്ഥി പദവി നല്‍കിയിട്ടുണ്ട്. എന്നാല്‍, ജോര്‍ജിയയോട് കുറച്ചുകൂടി കാത്തിരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് യുക്രെയ്‌ന് മുന്നിലുള്ള കടമ്പകള്‍ എന്തൊക്കെ?
X

കിയേവ്: അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് മൂന്നു മാസങ്ങള്‍ക്കകം യുക്രെയ്‌ന് യൂറോപ്യന്‍ യൂനിയനില്‍ (ഇയു) സ്ഥാനാര്‍ത്ഥി പദവി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്‍. ഇയു പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്റെ ആണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ചരിത്രത്തില്‍ ആദ്യമായാണ് അംഗത്വ അപേക്ഷ ഇത്ര വേഗത്തില്‍ പരിഗണിക്കുന്നതും അനുകൂല നിലപാട് സ്വീകരിക്കുന്നതും. യുക്രെയ്‌നൊപ്പം മോള്‍ഡോവയ്ക്കും സ്ഥാനാര്‍ത്ഥി പദവി നല്‍കിയിട്ടുണ്ട്. എന്നാല്‍, ജോര്‍ജിയയോട് കുറച്ചുകൂടി കാത്തിരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് മൂന്നു രാജ്യങ്ങളും അംഗത്വം തേടി യൂറോപ്യന്‍ യൂനിയനെ സമീപിച്ചത്.

സംഘടനയിലെ ഏറ്റവും ശക്തമായ അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിവയുടെ പ്രതിനിധികള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കിയേവ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ത്ഥി പദവി നല്‍കാന്‍ തീരുമാനിച്ചത്.

'യൂറോപ്യന്‍ കാഴ്ചപ്പാടിന് വേണ്ടി മരിക്കാന്‍ യുക്രെയ്‌നികള്‍ തയ്യാറാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവര്‍ ഞങ്ങളോടൊപ്പം ജീവിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'-ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ യുക്രെയ്‌ന് സ്ഥാനാര്‍ഥി പദവി നല്‍കണമോയെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ തീരുമാനമെടുക്കും. സംഘടനയുടെ 27 അംഗരാജ്യങ്ങളും ഈ ശുപാര്‍ശ ചര്‍ച്ച ചെയ്യും. എല്ലാ അംഗരാജ്യങ്ങളും വരാനിരിക്കുന്ന രാജ്യത്തെ ഏകകണ്ഠമായി അംഗീകരിക്കേണ്ടതുണ്ട്. നേരത്തെ ഡെന്‍മാര്‍ക്കും പോര്‍ച്ചുഗലും ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ യുക്രെയ്‌ന് സ്ഥാനാര്‍ത്ഥി പദവി നല്‍കുന്നതില്‍ വിമുഖത കാണിച്ചിരുന്നു.

അതേസമയം, യൂറോപ്യന്‍ കമ്മീഷന്റെ അനുകൂല നിലപാടിനെ അഭിനന്ദിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി രംഗത്ത് വന്നു. 'യുക്രെയ്‌ന്റെ സ്ഥാനാര്‍ത്ഥി നിലയെക്കുറിച്ചുള്ള യൂറോപ്യന്‍ കമ്മീഷന്റെ അനുകൂല നിലപാടിനെ താന്‍ അഭിനന്ദിക്കുന്നു, ഇയു അംഗത്വ പാതയിലെക്കുള്ള ആദ്യ ചുവടുവെപ്പാണിത്, അത് തീര്‍ച്ചയായും തങ്ങളുടെ വിജയത്തെ കൂടുതല്‍ അടുപ്പിക്കും. അടുത്തയാഴ്ച യൂറോപ്യന്‍ കമ്മീഷനില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നു'- സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു.

റഷ്യ യുക്രെയ്‌നെ ആക്രമിച്ച് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 28നാണ് ഇയു അംഗത്വത്തിനായി സെലെന്‍സ്‌കി ആവശ്യമുയര്‍ത്തുകയും അപേക്ഷയില്‍ അദ്ദേഹം ഒപ്പുവെക്കുകയും ചെയ്തത്.

യുക്രെയ്‌ന് പുറമെ മോള്‍ഡോവ, ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, റിപ്പബ്ലിക് ഓഫ് മോള്‍ഡോവ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇയു അംഗത്വത്തിനുള്ള മൂന്നു കടമ്പകള്‍

മൂന്ന് ഘട്ടങ്ങളായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുക. ആദ്യ ഘട്ടത്തില്‍, രാജ്യത്തിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പദവി നല്‍കുന്നു. രണ്ടാം ഘട്ടത്തില്‍, സ്ഥാനാര്‍ത്ഥിയുമായി ഔപചാരികമായ അംഗത്വ ചര്‍ച്ചകള്‍ ആരംഭിക്കുന്നു. അതില്‍ ഇയു നിയമം ദേശീയ നിയമമായി അംഗീകരിക്കണം.

ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക, മറ്റ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതും ഉള്‍പ്പെടുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാകുകയും സ്ഥാനാര്‍ത്ഥി എല്ലാ പ്രവേശന മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തുകഴിഞ്ഞാല്‍ അവര്‍ക്ക് സംഘടനയില്‍ ചേരാം.

വര്‍ഷങ്ങള്‍ സമയമെടുത്താണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. 2013ല്‍ സംഘടനയില്‍ ചേര്‍ന്ന ക്രൊയേഷ്യ പത്ത് വര്‍ഷമെടുത്താണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. അതേസമയം, യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന്റെ പ്രതികരണം. യുക്രെയ്‌നിലെ സൈനിക നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ റഷ്യ-യുെ്രെകന്‍ യുദ്ധം അനന്തമായി നീളുകയാണ്. സിവീറോഡൊണെറ്റ്‌സ്‌കില്‍ റഷ്യ കനത്ത ആക്രമണമാണ് നടത്തിവരുന്നത്. യുക്രെയ്ന്‍ ഇവിടെ ശക്തമായ ചെറുത്തുനില്‍പ് നടത്തിവരികയാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it